Advertisement

വിവാഹമോചനത്തിനും ഇനി രജിസ്‌ട്രേഷൻ

March 18, 2022
Google News 1 minute Read

വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ലെന്നും കേരളം ഈ കാര്യത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്നും മന്ത്രി പറഞ്ഞു.

വിവാഹമോചന രജിസ്‌ട്രേഷൻ സമയത്തു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തും. പുനർവിവാഹിതരാവുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. മതഭേദമന്യേയുള്ള വിവാഹ രജിസ്‌ട്രേഷനു ചട്ടങ്ങൾ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ചു ‘കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യൽ ആക്ട്’ എന്ന പേരിലാകും നിയമനിർമാണം നടത്തുക.

ഇന്ത്യൻ നിയമ കമ്മിഷന്റെ 2008ലെ റിപ്പോർട്ടിൽ വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. മതമോ വ്യക്തിനിയമമോ പരിഗണിക്കാതെ രാജ്യമാകെ എല്ലാ പൗരൻമാർക്കും ഇതു ബാധകമാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണങ്ങൾ ഒന്നും നടന്നിട്ടില്ല.

വിവാഹവും വിവാഹമോചനവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ വിവാഹമോചന രജിസ്‌ട്രേഷനായി സംസ്ഥാനത്തിനു നിയമനിർമാണം നടത്താം.

Story Highlights: Registration for divorce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here