Advertisement

അവസാന മത്സരവും കളിച്ച് റോസ് ടെയ്‌ലർ കളം വിട്ടു; വികാരാധീനനായി താരം: വിഡിയോ

April 4, 2022
Google News 2 minutes Read
ross taylor resignation video

ന്യൂസീലൻഡ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ റോസ് ടെയ്‌ലർ വിരമിച്ചു. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കളമൊഴിയുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ഇന്നാണ് പരമ്പര അവസാനിച്ചത്. ഇതോടെ ഒന്നര പതിറ്റാണ്ട് നീണ്ട പ്രൗഢോജ്വലമായ കരിയറിന് ടെയ്‌ലർ വിരാമം കുറിച്ചു. മത്സരത്തിനു മുൻപ് നടന്ന വിടവാങ്ങൽ ചടങ്ങിൽ വളരെ വികാരാധീനനായാണ് താരത്തെ കാണപ്പെട്ടത്. തൻ്റെ കുടുംബത്തിനൊപ്പം ഗ്രൗണ്ടിലെത്തിയ താരം നിറഞ്ഞ കണ്ണുകളോടെയാണ് കളിക്കളത്തോട് വിടപറഞ്ഞത്. (ross taylor resignation video)

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി നാലാം നമ്പറിൽ ഇറങ്ങിയ താരം 14 റൺസെടുത്ത് പുറത്തായിരുന്നു. തൻ്റെ സ്വന്തം ബൗളിംഗിൽ വാൻ ബീക് ടെയ്‌ലറെ പിടികൂടുകയായിരുന്നു. ബാറ്റിംഗിനിറങ്ങുമ്പോൾ ഇതിഹാസ താരത്തെ എതിർ ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. മത്സരത്തിൽ ന്യൂസീലൻഡ് 115 റൺസിൻ്റെ ജയമാണ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് 333 റൺസ് നേടി. വിൽ യങ് (120), മാർട്ടിൻ ഗപ്റ്റിൽ (106) എന്നിവർ കിവികൾക്കായി തിളങ്ങി. മറുപടി ബാറ്റിംഗിൽ നെതർലൻഡ്സ് 42.3 ഓവറിൽ 218 റൺസിന് ഓൾഔട്ടായി. 64 റൺസെടുത്ത സ്റ്റീഫൻ മൈബർ ആണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി 4 വിക്കറ്റ് വീഴ്ത്തി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. 112 ടെസ്റ്റുകളിൽ ടെയ്‌ലർ കളിച്ചു. ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയോടൊപ്പം ടെയ്‌ലർ പങ്കിടുകയാണ്.

മൂന്ന് ഫോർമാറ്റിലും 100ലധികം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാണ് ടെയ്‌ലർ. ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങളും (445), റൺസും (18074), സെഞ്ചുറികളും (40) ടെയ്‌ലറിൻ്റെ പേരിലാണ്. 233 ഏകദിനങ്ങളിൽ നിന്ന് 8581 റൺസുള്ള താരം 48.2 ബാറ്റിംഗ് ശരാശരിയും കാത്തുസൂക്ഷിക്കുന്നു. 102 ടി-20കളിൽ നിന്ന് 1909 റൺസും താരത്തിനുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി 55 ഐപിഎൽ മത്സരങ്ങളിലും ജഴ്സിയണിഞ്ഞ താരം 1017 റൺസാണ് നേടിയിട്ടുള്ളത്.

Story Highlights: ross taylor resignation video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here