Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (04-04-22)

April 4, 2022
Google News 1 minute Read

ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു; ബ്രൂണോ മാഴ്‌സിനും ഒലിവിയ റോഡ്രിഗോയ്ക്കും പുരസ്‌കാരം

ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. ( grammy awards 2022 winners )

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി സംശയം; വിദേശത്തുള്ള നടിയുടെ മൊഴിയെടുപ്പ് ഉടനെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള നടിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ നാലാംപ്രതി വിജീഷിന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചത്. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ ന​ഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ഉൾപ്പടെ 39 കേസുകൾ

സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ കുട്ടികളുടെ ന​ഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ഉൾപ്പടെ പുതുതായി രജിസ്റ്റർ ചെയ്തത് 39 കേസുകൾ. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർ‌ഡ് ഡിസ്ക് തുടങ്ങി 267 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരുൾപ്പടെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടും’; കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജെബി മേത്തറാണ്. പിന്നാലെ സന്തോഷ് കുമാറും തുടർന്ന് എഎ റഹീമും സത്യപ്രതിജ്ഞ ചെയ്തു. ജെബിയും റഹീമും ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സന്തോഷ് കുമാർ മലയാളത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രാജ്യസഭയിൽ ഒറ്റക്കെട്ടായി പോരാടുമെന്ന് എംപിമാർ ട്വന്റി ഫോറിനോട് പറഞ്ഞു.

അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഇടുക്കിയിൽ അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്റെ പരാതിയിൽ മൂലമറ്റം സ്വദേശി തങ്കമ്മയ്ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല; കെപിസിസി നിർദേശം പാലിക്കണമെന്ന് ഹൈക്കമാൻഡ്

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്.

കണ്ണൂർ സർവകലാശാല വി.സി നിയമനം : ഗവർണർക്ക് സുപ്രിംകോടതി നോട്ടിസ്

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഗവർണർക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. കണ്ണൂർ സർവകലാശാല ചാൻസലർ എന്ന നിലയിലാണ് നോട്ടിസ്. ഹർജിയിൽ ഗവർണർ ഒന്നാം എതിർ കക്ഷിയാണ്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി.

ഐഎൻടിയുസിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കി, വി ഡി സതീശൻ നിലപാട് തിരുത്തണം; ആർ ചന്ദ്രശേഖരൻ

വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന നിലപാടിലുറച്ച് ഐഎൻടിയുസി. ചർച്ച തുടരും. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചർച്ച നടത്തും. ഐഎൻടി യു സിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കിയെന്ന് കെ സുധാകരനോട് ആർ ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുൻപ് അറിയിച്ചതാണ്. എന്തിനെന്ന് അന്വേഷിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികളിൽ ആശങ്ക ഉണ്ടാക്കിയെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശമാണ് വിവാദമായത്.

സോണിയ ഗാന്ധി – രമേശ് ചെന്നിത്തല കൂടിക്കാഴ്ച ഇന്ന്; നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടനയും ആയുധമാക്കും

രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായികൂടിക്കാഴ്ച നടത്തും. നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്‍റെ ഭാഗം ന്യായീകരിക്കും. കെ സി വേണുഗോപാലിന്‍റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും ചെന്നിത്തല പരാതിപ്പെട്ടേക്കും.

ശ്രീലങ്കയിൽ ദേശീയ സർക്കാർ; നാല് മന്ത്രിമാർ അധികാരമേറ്റു

ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പൂർണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവർ ചുമതല വഹിക്കും. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here