Advertisement

സഞ്ജു സാംസൺ; ഒഴുക്കിനെതിരെ നീന്തുന്ന ‘ക്യാപ്റ്റൻ കൂൾ’

April 27, 2022
Google News 2 minutes Read
sanju samson captain article

രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി കഴിഞ്ഞ സീസണിൽ സഞ്ജു അവരോധിക്കപ്പെടുമ്പോൾ ചുളിഞ്ഞ പുരികങ്ങൾ ഇന്ത്യയിലുടനീളമുണ്ടായിരുന്നു. കമൻ്ററി ബോക്സിലെ കുഷ്യൻ കസേരയിലിരുന്ന് ‘ഓ, ദിസീസ് ഗോണ ഫെയിൽ’ എന്നൊക്കെ ജാതകമെഴുതിയ കളി നിരീക്ഷകരുണ്ടായിരുന്നു. 2021 സീസണിൽ ഈ ജാതകമെഴുത്ത് ഏറെക്കുറെ ശരിപ്പെട്ടുവരികയും ചെയ്തു. 14 മത്സരങ്ങളിൽ വെറും അഞ്ചെണ്ണം മാത്രമാണ് രാജസ്ഥാൻ വിജയിച്ചത്. പോയിൻ്റ് പട്ടികയിൽ ഏഴാമത്. എന്നാൽ, ഈ വർഷം കളി മാറി. (sanju samson captain article)

2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്ന താരമാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞം സ്വദേശി. വിജയ് സോൾ ആയിരുന്നു ക്യാപ്റ്റൻ. സർഫറാസ് ഖാൻ, ദീപക് ഹൂഡ, കുൽദീപ് യാദവ്, ആവേശ് ഖാൻ എന്നിങ്ങനെ ഇന്ന് സുപരിചിതമായ പല പേരുകളടങ്ങിയ ആ ടീമിൻ്റെ ഉപനായകനായിരുന്നു സഞ്ജു. ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും ടീമിനായി ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു സഞ്ജു സാംസൺ. ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാലാവണമല്ലോ 19ആം വയസിൽ ദേശീയ അണ്ടർ 19 ടീമിൻ്റെ ഉപനായകനായി സഞ്ജുവിനെ ബിസിസിഐ നിയമിച്ചത്.

അത് പോട്ടെ.

2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് സഞ്ജു ഐപിഎൽ യാത്ര ആരംഭിച്ചത്. അക്കൊല്ലം സഞ്ജു കളിച്ചില്ല. അടുത്ത വർഷം രാജസ്ഥാനിൽ. വിക്കറ്റ് കീപ്പർ ദിഷാന്ത് യാഗ്നിക്ക് പരുക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബിനെതിരെ സഞ്ജുവിന് അവസരം ലഭിച്ചു. അത് ഒരു മഹത്തരമായ യാത്രയുടെ തുടക്കമായിരുന്നു. നാണം കുണുങ്ങിയായ, കുറഞ്ഞ വാക്കുകളിൽ സംസാരിച്ച് ക്യാമറയിൽ നിന്ന് ഓടിയകലാൻ ശ്രമിക്കുന്ന കൗമാരക്കാരനിൽ നിന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് ലീഗിലെ ഒരു ഫ്രാഞ്ചൈസിയുടെ നായകനായി വളർന്നത് ചില്ലറ കാര്യമല്ല.

കഴിഞ്ഞ സീസണിലേക്ക് വരാം. ടീമിലെ ഏറ്റവും സുപ്രധാന താരങ്ങളായ ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ എന്നിവർ ഇല്ലാതെയാണ് രാജസ്ഥാൻ സീസണിലെ ഏറിയ പങ്കും കളിച്ചത്. ആർച്ചർ പരുക്കേറ്റ് സീസണിൽ നിന്ന് പിന്മാറിയപ്പോൾ ആദ്യ കളിക്ക് ശേഷം സ്റ്റോക്സ് പരുക്കേറ്റ് മടങ്ങി. ബട്‌ലർ യുഎഇയിൽ നടന്ന രണ്ടാം പാദത്തിൽ നിന്ന് വിട്ടുനിന്നു. ഒപ്പം ആൻഡ്രൂ ടൈ, ഡേവിഡ് മില്ലർ തുടങ്ങിയ താരങ്ങളും മടങ്ങി. താരമായി ആദ്യ മത്സരം കളിച്ച പഞ്ചാബ് ആയിരുന്നു ക്യാപ്റ്റനായി സഞ്ജുവിൻ്റെ ആദ്യ എതിരാളികൾ. കളിയിൽ സഞ്ജു സെഞ്ചുറിയടിച്ചെങ്കിലും ടീം തോറ്റു. താരങ്ങളുടെ കൊഴിഞ്ഞുപോക്കും കൊവിഡും ടീമിനെ 7ആം സ്ഥാനത്തെത്തിച്ചു. നേരത്തെ, ‘എന്തുകൊണ്ട് സഞ്ജു റോയൽസിനെ നയിക്കരുത്’ എന്ന് നീണ്ട ലേഖനങ്ങളെഴുതിയ കളി നിരീക്ഷകർ വീണ്ടും പേനയുന്തി. ഈ ടീം എവിടെയും എത്താൻ പോകുന്നില്ല എന്നായിരുന്നു ഇത്തവണത്തെ നിരീക്ഷണം.

എന്നാൽ, സഞ്ജുവിനും രാജസ്ഥാനും മറ്റ് ചില പ്ലാനുകളാണ് ഉണ്ടായിരുന്നത്.

അശ്വിനെയും ചഹാലിനെയും ടീമിൽ എത്തിക്കുക എന്നതായിരുന്നു രാജസ്ഥാൻ്റെ ആദ്യ ലേല തന്ത്രം. അതുവഴി രണ്ട് മികച്ച സ്പിന്നർമാർ മാത്രമല്ല ടീമിലെത്തുന്നത്. രണ്ട് മികച്ച ക്രിക്കറ്റ് ബ്രെയിനുകൾ കൂടിയാണ്. സംശയലേശമന്യേ അശ്വിൻ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനാണ്. ചഹാൽ ആവട്ടെ, സാഹചര്യം മുതലെടുക്കാൻ കഴിവുള്ള പ്ലയർ. ഇരുവരും ടീമിലെത്തിയതോടെ മധ്യനിരയിൽ 8 ഓവർ ഗ്യാരണ്ടിക്കൊപ്പം രാജസ്ഥാനു ലഭിച്ചത് ടാക്ടിക്കൽ അഡ്വാൻ്റേജ് കൂടിയാണ്. പവർ പ്ലേയിൽ വിനാശം വിതയ്ക്കുന്ന ട്രെൻ്റ് ബോൾട്ട്. സ്കിഡ്ഡി പിച്ചുകളിൽ അപകടകാരിയാവുന്ന പ്രസിദ്ധ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രകടനം നേരിട്ടുകണ്ട് ഇഷ്ടപ്പെട്ട് സഞ്ജു സജസ്റ്റ് ചെയ്ത കുൽദീപ് സെൻ. ഇതുവരെ വേണ്ടവിധത്തിൽ ഫ്രാഞ്ചൈസികൾ ഉപയോഗിക്കാത്ത ഷിംറോൺ ഹെട്‌മെയർ. ഓപ്പണിംഗിൽ കളിച്ചുതെളിയിച്ച ദേവ്‌ദത്ത് പടിക്കൽ. രാജസ്ഥാൻ ലേലത്തിൽ ഇടപെട്ടത് സമർത്ഥമായാണ്. പലരും ആറേ ഏഴോ വർഷത്തേക്കുള്ള നിക്ഷേപങ്ങൾ ആയിരുന്നു. ഡെത്ത് ബൗളർ, ഏഴാം നമ്പറിലെ ഓൾറൗണ്ടർ എന്നീ മേഖലകളിൽ ദുർബലമാണെങ്കിലും തെറ്റില്ലാത്ത ഒരു ടീം രൂപപ്പെടുത്തിയെടുക്കാൻ രാജസ്ഥാനു സാധിച്ചു.

നല്ല ഒരു ടീം മാത്രം പോരല്ലോ. അതിനു നല്ല ഒരു ക്യാപ്റ്റനും വേണം.

ടീമിൻ്റെ വിടവുകൾ എവിടെയെന്ന് സഞ്ജു കൃത്യമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടീമിലെ തുരുപ്പുചീട്ടുകളായ അശ്വിനെയും ചഹാലിനെയും അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. സ്ലോഗ് ഓവറുകളിലും പവർ പ്ലേയിലും സഞ്ജു അവർക്ക് പന്തുനൽകി. കൊൽക്കത്തയ്ക്കെതിരെ റസലിനായി അശ്വിനെ കൊണ്ടുവന്നതും 17ആം ഓവർ ചഹാലിനു നൽകിയതിനും അതിന് ഉദാഹരണമാണ്. അശ്വിൻ റസലിൻ്റെ കുറ്റി തെറിപ്പിച്ചപ്പോൾ ചഹാൽ ഓവറിൽ ഹാട്രിക്ക് അടക്കം നേടിയത് 4 വിക്കറ്റ്. ആ രണ്ട് ഓവറുകളാണ് രാജസ്ഥാനെ വിജയിപ്പിച്ചത്. ഇതുവരെ ചഹാൽ നിർണായകമായ 6 ഓവറുകളാണ് ഡെത്ത് ഓവറുകളിൽ എറിഞ്ഞത്. നേടിയ വിക്കറ്റുകളുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും രാജസ്ഥാൻ്റെ കുതിപ്പിൽ അശ്വിൻ്റെ പങ്ക് നിർണായകമാണ്. റൺ നിരക്ക് പിടിച്ചുനിർത്തുകയാണ് അശ്വിൻ്റെ ജോലി. അത് അദ്ദേഹം ഭംഗിയായി ചെയ്യുന്നു. ചഹാൽ ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്.

സ്വയം കണ്ടെടുത്ത കുൽദീപ് സെനിൽ ഒരു മികച്ച ഡെത്ത് ഓവർ ബൗളറുണ്ടെന്ന് മനസ്സിലാക്കിയ സഞ്ജു അയാളെ ഗംഭീരമായി ഉപയോഗിക്കുന്നു. ഡൽഹിക്കെതിരെ 19ആം ഓവർ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റ് മെയ്ഡൻ എറിഞ്ഞത് സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയുടെ കൂടി മികവായിരുന്നു. ആംഗിൾ ഉപയോഗിച്ചെറിഞ്ഞ പ്രസിദ്ധിന് വളരെ കൃത്യമായ ഫീൽഡാണ് സഞ്ജു ഒരുക്കിനൽകിയത്.

ഇതിനെല്ലാമുപരി, ഫീൽഡിൽ സമചിത്തത കൈവിടാതിരിക്കാനും പക്വമായ മറുപടികൾ നൽകാനും ഒരു ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു മിടുക്ക് കാണിച്ചു. നോബോൾ വിവാദത്തിൽ ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സഞ്ജു ശാന്തനായിരുന്നു. തുടർന്ന് പ്രസൻ്റേഷൻ സെറിമണിയിൽ നേരിട്ട ചോദ്യത്തിന് പക്വമായ മറുപടി. ക്യാപ്റ്റൻസിയുടെ പ്രഷർ വ്യക്തിഗത പ്രകടനങ്ങളിൽ ഉണ്ടായില്ലെന്ന് മാത്രമല്ല, ബാറ്റിംഗിൽ ഒരല്പം പക്വത വന്നിട്ടുണ്ട് സഞ്ജുവിന്.

സഞ്ജുവിനെതിരെ പേനയുന്തിയ കൈകൾ പലതും ഇപ്പോൾ വിശ്രമത്തിലാണ്. ഒരു പിഴവ് എവിടെയെങ്കിലുമുണ്ടായാൽ വീണ്ടും അവ ചലിച്ചുതുടങ്ങും. ക്യാപ്റ്റൻ മോശമെന്ന് നീണ്ട ലേഖനങ്ങളെഴുതും. അപ്പോഴും സഞ്ജു അടുത്ത കളിയിൽ എങ്ങനെ തിരിച്ചടിക്കാമെന്ന ചിന്തയിലാവും.

Story Highlights: sanju samson captain article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here