Advertisement

Ksrtc: യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിവേണം പ്രവര്‍ത്തിക്കാന്‍; കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

May 20, 2022
Google News 2 minutes Read
pinarayi vijayan support antony raju in ksrtc issue

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരണം. അതിനായുളള പഠനറിപ്പോര്‍ട്ട് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പായിക്കഴിഞ്ഞിട്ടില്ല. അത് പൂര്‍ത്തിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസിയുടെ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിവേണം പ്രവര്‍ത്തിക്കാന്‍. അക്കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത് വളരെ കൃത്യമാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് പൂര്‍ണമായും ലോണ്‍ എടുത്ത് ശമ്പളം കൊടുക്കാനാകില്ല. ഏതെങ്കിലും സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല, നികുതിപ്പണം ചെലവഴിക്കേണ്ടത്.

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത് കെടുകാര്യസ്ഥതയെ ശക്തിപ്പെടുത്തുക എന്നതല്ല. ആ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ അതാത് സ്ഥാപനങ്ങളാണ് നടത്തേണ്ടത് എന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി വിഷയത്തില്‍ ട്രേഡ് യൂണിയനുകളെ കുറിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ട്രേഡ് യൂണിയനുകള്‍ എന്നും സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അവരതിന് തടസമല്ല. അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടുകൊണ്ടുവേണം പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഫോണ്‍ പദ്ധതിയുടെ കണക്ഷന്‍ 20,750 ഓഫീസുകള്‍ക്ക് നല്‍കി. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കല്‍ പുരോഗമിച്ചു വരുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീതം സംസ്ഥാനത്തൊട്ടാകെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗതയില്‍ പുരോഗമിച്ചുവരികയാണ്.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷ്യമിട്ടിരുന്ന 1600 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ലഭ്യമായ വിവരമനുസരിച്ച് 3,95,338 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ വിവരസഞ്ചയം പുതുക്കിയത് ഉടന്‍ നല്‍കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2021 മെയ് 21 മുതല്‍2022 ഏപ്രില്‍ 30 വരെ ആകെ 22,345 പേരെ പി.എസ്. സി. വഴി നിയമന ശിപാര്‍ശ ചെയ്തു. കഴിഞ്ഞ എല്‍ ഡി. എഫ് സര്‍ക്കാര്‍ 1,61,361 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ 6 വര്‍ഷത്തെ മൊത്തം നിയമന ശിപാര്‍ശ 1,83,706 ആണ്.

ഭരണ നിര്‍വ്വഹണ രംഗത്തെ സുപ്രധാന ആവശ്യവും ആഗ്രഹവുമായ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസ് ഈ കാലയളവില്‍ യാഥാര്‍ഥ്യമായി. നൂറ്റിയഞ്ചു പേര്‍ക്ക് നിയമനം നല്‍കുകയും അവരുടെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. കേരള നോളജ് ഇക്കണോമി മിഷന്‍ ആരംഭിച്ചു. സജ്ജമാക്കിയ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഇതുവരെ 3,14,588 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോവിഡ് കാലയളവില്‍ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ 181 പുതിയ കമ്പനികളും പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങള്‍ നിര്‍മ്മിതിയിലാണ്.

മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പാലക്കാട് നിര്‍മ്മിക്കുന്ന സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്കിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. വയനാട് കോഫി പാര്‍ക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ചേര്‍ത്തല ഫുഡ്പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 12.5 കോടി മുതല്‍മുടക്കില്‍ സ്‌പൈസസ് പാര്‍ക്കിന്റെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്ത് പുരോഗമിക്കുന്നു.

ടൂറിസം മേഖലയില്‍ ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 2021ല്‍ 2020നെ അപേക്ഷിച്ചു 51% വര്‍ദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ വരവും ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുണ്ട്

56 പ്രവാസി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി. സംസ്ഥാന തലത്തില്‍ പ്രവാസി സഹകരണ സംഘത്തിന് രൂപംകൊടുത്തിട്ടുണ്ട്.2021-22 കാലയളവില്‍ യുവകേരളം പദ്ധതി മുഖേന 1666 പേര്‍ക്കും ഡി.ഡി.യു.ജി.കെ.വൈ പദ്ധതി മുഖേന 4430 പേര്‍ക്കും ആകെ 6096 പേര്‍ക്ക് നൈപുണി പോഷണവും തൊഴിലും നല്‍കാന്‍ സാധിച്ചു.

981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ശേഷിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 13.14 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തുമെന്നും ശരാശരി പ്രവൃത്തി ദിനങ്ങള്‍ 50.55ല്‍ നിന്ന് 75 ആയി ഉയര്‍ത്തുമെന്നും നല്‍കിയ വാഗ്ദാനം ആദ്യ വര്‍ഷം തന്നെ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു. 16.45 ലക്ഷം കുടുംബങ്ങളും 18.99 ലക്ഷം വ്യക്തികളുമായി തൊഴിലെടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നു. തൊഴില്‍ ദിനങ്ങള്‍ ശരാശരി 64.41 ആയി വര്‍ദ്ധിച്ചു.

202122 ല്‍ 74776 കൃഷി സംഘങ്ങളിലായി 29246.34 ഹെക്ടര്‍ സ്ഥലത്തു കൃഷി ചെയ്തു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി. 441821 കുടുംബങ്ങളില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ആരംഭിച്ചു. 202122 സാമ്പത്തിക വര്‍ഷം കേരള കാഷ്യൂ ബോര്‍ഡ് 12763.402 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പെക്‌സിനും അവ വിതരണം ചെയ്തു. 202122 വര്‍ഷത്തില്‍ 120 കോടി രൂപയുടെ സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കി. 9.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

Read Also: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വസത്തോടെ; ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി

അതിതീവ്ര ദാരിദ്ര്യം തിരിച്ചറിയല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉള്‍പ്പെട്ട 19,489 വാര്‍ഡുകളില്‍ നടത്തിയ കണക്കെടുപ്പിലൂടെ 64,006 കുടുംബങ്ങള്‍ അതീവ ദരിദ്രരായി കണ്ടെത്തി. അവരെ ദാരിദ്ര്യ രേഖയ്ക്ക് പുറത്ത് കൊണ്ടുവരാന്‍ ഓരോ കുടുംബത്തിനും മൈക്രോ പ്ലാന്‍ കരട് തയ്യാറാക്കിയിട്ടുണ്ട്

അംബേദ്കര്‍ പദ്ധതി 169 കോളനികളില്‍ 1 കോടി രൂപ വീതം അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 6472 പഠനമുറികള്‍ പൂര്‍ത്തീകരിച്ചു.

Story Highlights: pinarayi vijayan support antony raju in ksrtc issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here