Advertisement

ഖത്തർ എയർവേയ്സിനെതിരെ ബഹിഷ്കരണ ആഹ്വാനം; ഹാഷ്ടാഗിൽ അക്ഷരത്തെറ്റ്

June 6, 2022
Google News 2 minutes Read
boycott qatar airways twitter

ഖത്തറിൻ്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അനുകൂലികൾ. ട്വിറ്ററിലാണ് ഖത്തർ എയർവേയ്‌സിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയരുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ്മ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ ഖത്തർ അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് ട്വിറ്ററിൽ ആഹ്വാനമുയർന്നത്. (boycott qatar airways twitter)

ആദ്യ ഘട്ടത്തിൽ ഉപയോഗിക്കപ്പെട്ട ഹാഷ്ടാഗിൽ അക്ഷരപ്പിശകുണ്ടായിരുന്നു. ഹാഷ്ടാഗിലെ Boycott എന്ന വാക്കിനെ Bycott എന്നാണ് ആദ്യം ട്വീറ്റ് ചെയ്തവർ ഉപയോഗിച്ചിരുന്നത്. രണ്ട് ലക്ഷത്തിലേറെ ട്വീറ്റുകൾ ഈ ഹാഷ്ടാഗിൽ വന്നു. ഉത്തർപ്രദേശ് ബിജെപി വക്താവ് ഗൗരവ് ഗോയൽ, ഛണ്ഡീഗഡ് ബിജെപി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയവർ ഈ തെറ്റായ ഹാഷ്ടാഗിലാണ് ട്വീറ്റ് ചെയ്തത്. പിന്നീട് ട്വീറ്റ് ചെയ്തവർ അബദ്ധം മനസ്സിലാക്കി ഹാഷ്ടാഗ് #BoycottQatarAirways എന്ന് തിരുത്തി.

Read Also: പ്രവാചകനെതിരായ പരാമര്‍ശം: വിദ്വേഷ പ്രചാരകര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം പുകയുകയാണ്. കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിൽ നിന്നാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചത്. ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്നെടുത്ത് ട്രോളികളിൽ കൂട്ടിയിട്ടു. അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. ‘ഞങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ രേഖപ്പെടുത്തിയ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി അറിയിച്ചു.

ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവർ പിൻവലിച്ചു. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.

Story Highlights: boycott qatar airways twitter hashtag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here