Advertisement

ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകും; വി.ഡി. സതീശൻ

June 6, 2022
Google News 2 minutes Read
vd at tvm

കേരളത്തിൽ ഒരേയൊരു ലീഡർ മാത്രമാണുള്ളതെന്നും അത് കെ. കരുണാകരനാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്തെത്തിയ സതീശൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് വിവാദങ്ങൾക്ക് മറുപടി നൽകിയത്. പ്രവർത്തകർ ആവേശത്തിലായതിനാലാണ് തന്റെ ഫ്ലക്സ് ബോർഡ് വെച്ചത്. തന്റെ പേരിലുള്ള ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരുടെയും പ്രവർത്തന ഫലമാണ് തൃക്കാക്കരയിലെ വിജയം. ക്യാപ്റ്റൻ, ലീഡർ വിളികൾ കോൺ​ഗ്രസിനെ നന്നാക്കാൻ വേണ്ടിയല്ല. അത് തനിക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ഏകോപനം മാത്രമാണ് താൻ നിർവഹിച്ചത്. ഈ വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം. തൃക്കാക്കരയിലെ ആത്മവിശ്വാസം കൈമുതലാക്കി സംഘടനയുടെ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. പാർട്ടിയിൽ കരുത്തുറ്റ ഒരു രണ്ടാംനിരയും മൂന്നാംനിരയും ഉയർന്നുവരുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും തോറ്റതിന്റെ മറുപടി അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും വി.‍ഡി. സതീശൻ വ്യക്തമാക്കി.

Read Also: വിനാശമല്ല വികസനമെന്ന് തിരിച്ചറിയാം; പരിസ്ഥിതി ദിനത്തിൽ കെ റെയിലിനെതിരെ വിഡി സതീശൻ

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശന്റെ ഫ്ലക്സ് ബോർഡ് വെച്ചതിലും തിരുവനന്തപുരത്ത് വലിയ സ്വീകരണം നൽകുന്നതിലും കോൺ​ഗ്രസിൽ മുറുമുറുപ്പുയർന്നിരുന്നു. ജയം സതീശന്റെ മാത്രം അധ്വാനമല്ലെന്നാണ് പ്രധാന വിമർശനം. ​ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടക്കുന്നവർ എന്തിനാണ് ഫ്ലക്സ് വെച്ചതെന്ന ചോദ്യമാണ് ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. സതീശന്റെ പേരിൽ പുതിയ ​ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്നും അവർ ആരോപിക്കുന്നു.

പ്രതിപക്ഷനേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്ലക്സ് ബോർഡിലില്ല. സംസ്ഥാന കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Story Highlights: Flux boards will be removed; V.D. Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here