Advertisement

പഴയ വെണ്ടുരുത്തിപ്പാലത്തിന്റെ ച്ഛായ മാറ്റി ഒന്നൊന്നര ടൂറിസ്റ്റ് കേന്ദ്രമാക്കിയാലോ?; അഭിപ്രായം തേടി ടൂറിസം വകുപ്പ്

June 6, 2022
Google News 1 minute Read

എറണാകുളത്തേയും വെല്ലിംഗ്ടണ്‍ ഐലന്‍ഡിനേയും ബന്ധിപ്പിക്കുന്ന പഴയ വെണ്ടുരുത്തിപ്പാലത്തിന് ആധുനിക കൊച്ചിയുടെ ചരിത്രത്തില്‍ പ്രസക്തി ഏറെയാണ്. എന്നാല്‍ സമാന്തരമായി പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഒരുകാലത്ത് കൊച്ചി യാത്രയുടെ ആസ്വാദനത്തിന്റെ കേന്ദ്രമായിരുന്ന പഴയ പാലത്തിന് ഇപ്പോഴും വിനോദസഞ്ചാര സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ടൂറിസം വകുപ്പ്. ഈ പാലം നഗരത്തിന്റെവിനോദ, ലഘു വ്യാപാര കേന്ദ്രമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.
ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാര്‍ക്കറ്റ്, വിനോദ പരിപാടികള്‍ക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.
പദ്ധതി പ്രാവര്‍ത്തികമായാല്‍ വിദേശ രാജ്യങ്ങളിലേതിന് സമാനമായ ഫ്രീ മാര്‍ക്കറ്റും വിനോദ കേന്ദ്രവുമാണ് കൊച്ചിക്ക് കൈവരിക. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം കമന്റായി രേഖപ്പെടുത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ആധുനികതയിലേക്കുള്ള കൊച്ചിയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ പ്രയാണത്തിന് സാക്ഷിയാണ് എറണാകുളത്തേയും വെല്ലിംഗ്ടണ്‍ ഐലന്‍ഡിനേയും ബന്ധിപ്പിക്കുന്ന പഴയ വെണ്ടുരുത്തിപ്പാലം. സമാന്തരമായി പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.

ഈ പാലം നഗരത്തിന്റെ വിനോദ, ലഘു വ്യാപാര കേന്ദ്രമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ബഹു. ടൂറിസം മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചിരുന്നു. ടൂറിസം ഡയറക്ടര്‍ ശ്രീ. കൃഷ്ണതേജ, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ശ്രീ. വിഷ്ണു രാജ് എന്നിവര്‍ക്കൊപ്പം ഇന്ന് സ്ഥലം സന്ദര്‍ശിച്ചു.
ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാര്‍ക്കറ്റ്, വിനോദ പരിപാടികള്‍ക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതത്വം, കായലിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ ഉയരത്തിലുള്ള ഗ്രില്‍ പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് സ്ഥാപിക്കും.

പദ്ധതി പ്രാവര്‍ത്തികമായാല്‍ വിദേശ രാജ്യങ്ങളിലേതിന് സമാനമായ ഫ്രീ മാര്‍ക്കറ്റും വിനോദ കേന്ദ്രവുമാണ് കൊച്ചിക്ക് കൈവരിക. ഇതു സംബന്ധിച്ച് ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളുടേയും ആര്‍ക്കിടെക്ടുകളുടേയും പദ്ധതിയില്‍ തല്‍പ്പരരായവരുടെയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കും.
ഇതു സംബന്ധിച്ച് നിങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുകയാണ്. കമന്റ് ബോക്‌സിലോ നേരിട്ടോ അഭിപ്രായങ്ങള്‍ അറിയിക്കാം…

Story Highlights: tourism department may give old venduruthy bridge makeover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here