Advertisement

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

June 24, 2022
Google News 2 minutes Read
Kalpetta DySP suspended

പാർലമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ( Kalpetta DySP suspended )

വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ ക്രിമിനലുകൾ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. പൊലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്.

Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണം: എ.ഐ.വൈ.എഫ്

ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സർക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണാക്കണമെന്ന് 2019 ശുപാർശ ചെയ്തത്. എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ സിപിഐഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാനും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും തയ്യാറാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ കോൺ​ഗ്രസ് – ഡിവൈഎഫ്ഐ തെരുവ് യുദ്ധം നടക്കുകയാണ്. പാലക്കാട് കോൺ​ഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് കോൺ​ഗ്രസ് പ്രവർത്തകർ കമ്മിഷണർ ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും എൽ.ഡി.എഫിന്റെ ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു.

Story Highlights: Rahul Gandhi’s office attacked; Kalpetta DySP suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here