Advertisement

ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം സ്വന്തം അമ്മാവനെതിരെ; വിജയം മരുമകനൊപ്പം നിന്നു..! അമ്പരിപ്പിക്കും ടി.ശിവദാസമേനോന്റെ രാഷ്ട്രീയ ജീവിതം

June 28, 2022
Google News 2 minutes Read
t sivadasa menon political life

അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായി അറിയപ്പെടുന്നയാളാണ് ശിവദാസമേനോന്‍. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ ശിവദാസമേനോന്‍ ഇ.കെ.നായനാര്‍ മന്ത്രിസഭകളില്‍ വൈദ്യുതി മന്ത്രിയായും ധനമന്ത്രിയുമായും മികവു കാട്ടി ( t sivadasa menon political life ).

മൂന്നു തവണ എംഎല്‍എയായ ടി.ശിവദാസമേനോന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം സ്വന്തം അമ്മാവനെതിരെയായിരുന്നു. 1965ല്‍ പഞ്ചായത്ത് ബോര്‍ഡ് തെരഞ്ഞെടുപ്പിലാണ് ടി.നാരായണന്‍കുട്ടി മേനോനെന്ന അമ്മാവനും ശിവദാസ മേനോനെന്ന മരുമകനും നേര്‍ക്കുനേര്‍ പോരാടിയത്. വിജയം മരുമകനൊപ്പം നിന്നു. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. മലബാറിലെ വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കിയതും സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ കുത്തകമുതലാളിമാരില്‍നിന്നു സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുത്ത തീരുമാനവും ഭരണമികവിന്റെ ഉദാഹരണങ്ങളാണ്. കേരളം കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരുടെ പട്ടികയിലും ടി.ശിവദാസമേനോന്റെ പേര് മുന്‍പില്‍ത്തന്നെ.

അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായി അറിയപ്പെടുന്നയാളാണ് ശിവദാസമേനോന്‍. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ ശിവദാസമേനോന്‍ ഇ.കെ.നായനാര്‍ മന്ത്രിസഭകളില്‍ വൈദ്യുതി മന്ത്രിയായും ധനമന്ത്രിയുമായും മികവു കാട്ടി.

വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടപുസ്തകത്തിലെ ഒരു അധ്യായം കൂടി അടഞ്ഞു. ആകാരം പോലെ ആദര്‍ശത്തിലും ഗാംഭീര്യം പുലര്‍ത്തിയ ടി.ശിവദാസമേനോനും അരങ്ങൊഴിഞ്ഞു. കാലം എത്രയോ പരീക്ഷണങ്ങളില്‍പെടുത്തിയിട്ടും ശിവദാസമേനോനെന്ന ലിറ്റ്മസ് പേപ്പര്‍ കടുംചുവപ്പില്‍നിന്നു മാറിയിട്ടേയില്ല.

1932 ജൂണ്‍ 14ന് ജനിച്ച ടി.ശിവദാസമേനോന്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജീവിതത്തിലുടനീളം കെട്ടാതെ കാത്തുസൂക്ഷിച്ച നീതിബോധം ശിവദാസമേനോനെ രാഷ്ട്രീയത്തിലേക്കും കൈപ്പിടിച്ചു. അധ്യാപകര്‍ക്കുവേണ്ടി സമരം ചെയ്തായിരുന്നു രാഷ്ട്രീയം പ്രവേശം. മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1986ല്‍ അധ്യാപകവൃത്തിയില്‍നിന്ന് സ്വയം വിരമിച്ചത് സജീവ രാഷ്ട്രീയത്തില്‍ സജീവമായി. അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന്‍ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാര്‍ട്ടിയുടെ കരുത്തായി.

19871991ലും 19911996 വരെയും 1996 മുതല്‍ 2001വരെയും നിയമസഭയില്‍ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതല്‍ വൈദ്യുതിഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായി. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

മഞ്ചേരി കച്ചേരിപ്പടിയില്‍ മരുമകനും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ (ഡിജിപി) സി.ശ്രീധരന്‍നായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസം. ഭാര്യ ഭവാനി അമ്മ 2003ല്‍ മരിച്ചു. മക്കള്‍: ടി.കെ.ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന്‍ (എറണാകുളം), സി. ശ്രീധരന്‍നായര്‍ (മഞ്ചേരി).

Story Highlights: t sivadasa menon political life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here