Advertisement

ശിവദാസമേനോന് ഒപ്പമുള്ള അപൂർവ ചിത്രവും മറക്കാനാവാത്ത അനുഭവവും പങ്കുവെച്ച് ചിന്ത ജെറോം

June 29, 2022
Google News 3 minutes Read
Chintha Jerome shares a rare picture with t Sivadasa Menon

അന്തരിച്ച മുൻ മന്ത്രി ശിവദാസമേനോന് ഒപ്പമുള്ള അപൂർവ ചിത്രവും മറക്കാനാവാത്ത അനുഭവവും ഫെയ്സ്ബുക്കിൽ പങ്കുവെച്ച് ചിന്ത ജെറോം. അഗാധമായ പാണ്ഡിത്യവും ജനകീയമായ ഇടപെടലുകളും വളരെ സരസമായ പ്രഭാഷണങ്ങളും മാഷിന്റെ പ്രത്യേകതയായിരുന്നുവെന്ന് ചിന്ത ജെറോം അനുസ്മരിച്ചു. ( Chintha Jerome shares a rare picture with t Sivadasa Menon )

” ശിവദാസമേനോൻ മാഷ് വിട പറഞ്ഞു. പിതൃതുല്യമായ സ്നേഹവാത്സ്യലങ്ങൾ ചൊരിഞ്ഞ പ്രിയപ്പെട്ട നേതാവായിരുന്നു മാഷ്. പപ്പയെ പോലെതന്നെ പല തവണയും പല സന്ദർഭങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ വാർത്ത പുറത്തുവന്നപ്പോൾ നിരവധി തവണ വിളിക്കുകയും എന്നെ ലഭ്യമാകാതെ ഇരുന്നപ്പോൾ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നത്ര കരുതൽ സൂക്ഷിച്ചിരുന്ന മനുഷ്യനാണ്. അഗാധമായ പാണ്ഡിത്യവും ജനകീയമായ ഇടപെടലുകളും വളരെ സരസമായ പ്രഭാഷണങ്ങളും മാഷിന്റെ പ്രത്യേകതയായിരുന്നു.

മലപ്പുറം വഴി പോകുന്ന അവസരങ്ങളിലെല്ലാം മാഷ് വിശ്രമജീവിതം നയിച്ച മഞ്ചേരിയിലെ മകളുടെ വീട്ടില്‍ ഞാനും അമ്മയും പോകുമായിരുന്നു. കോവിഡിന്റെ നിയന്ത്രണങ്ങൾക്ക് ശേഷം മാഷിനെ അടുത്തു കാണാനും സന്ദർശിക്കാനും കഴിഞ്ഞിരുന്നില്ല. കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രിയും സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയിരുന്ന ശിവദാസ മേനോൻ മാഷിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്നും വഴികാട്ടിയായി മാഷിന്റെ ഓർമ്മകൾ ഉണ്ടാകും….” – ചിന്ത ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: ടി. ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന്; മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ടി. ശിവദാസമേനോൻ (90) മരിച്ചത്. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധന, എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ വഹിച്ചു. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. വാര്‍ധക്യത്തെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

1987-1991ലും 1991-1996 വരെയും 1996 മുതല്‍ 2001വരെയും നിയമസഭയില്‍ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതല്‍ വൈദ്യുതി-ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായി. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന്‍ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാര്‍ട്ടിയുടെ കരുത്തായി. എക്‌സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ഭരണമികവിന്റെ ഉദാത്ത മാതൃകയായി.

Story Highlights: Chintha Jerome shares a rare picture with t Sivadasa Menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here