പരുക്ക് ഭേദമായില്ലെന്ന് സൂചന; കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ല

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് സൂചന. നാഭിയ്ക്ക് പരുക്കേറ്റ് ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന കോലി ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. കോലിയുടെ അഭാവത്തിൽ ശ്രേയാസ് അയ്യരാണ് ആദ്യ ഏകദിനത്തിൽ മൂന്നാം നമ്പരിലിറങ്ങിയത്. രണ്ടാം ഏകദിനത്തിൽ കോലി കളിച്ചില്ലെങ്കിൽ ശ്രേയാസ് തന്നെയാവും മൂന്നാം നമ്പറിൽ കളിക്കുക. (virat kohli injury wont play)
അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയ്ക്ക് നേട്ടമായത്. മൂന്ന് സ്ഥാനങ്ങൾ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് രണ്ടാമതും (റേറ്റിംഗ് 712) പാക് പേസർ ഷഹീൻ അഫ്രീദി മൂന്നാമതും റേറ്റിംഗ് 681) നിൽക്കുന്നു.
Read Also: ഐസിസി റാങ്കിംഗ്: ബുംറയ്ക്കും സൂര്യകുമാറിനും നേട്ടം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 44 സ്ഥാനങ്ങൾ കുതിച്ചുകയറിയ സൂര്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടി-20 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരമാണ് സൂര്യ. 732 ആണ് സൂര്യയുടെ റേറ്റിംഗ്. 12ആം സ്ഥാനത്തുള്ള ഇഷാൻ കിഷനാണ് പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ.
ഏകദിന റാങ്കിംഗിൽ ഇന്ത്യ പാകിസ്താനെ മറികടന്നിരുന്നു. പാകിസ്താനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ലണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ.
ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശിഖർ ധവാനും (31 നോട്ടൗട്ട്) തിളങ്ങി.
Story Highlights: virat kohli injury wont play
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here