Advertisement

മങ്കിപോക്‌സ് ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചു: മുഖ്യമന്ത്രി

July 14, 2022
Google News 2 minutes Read

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനേയും നമുക്ക് പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവ‍ര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.

Read Also: സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവ‍ര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Story Highlights: Pinarayi Vijayan response on first Monkey Pox case Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here