Advertisement

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ ഗ്രേഡിംഗ് വരുന്നു

July 29, 2022
Google News 1 minute Read

ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തന ഘടകങ്ങളെയാകും ഗ്രേഡിംഗിനായി വിലയിരുത്തുക. ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ രൂപപ്പെടുന്ന ജൈവ-അജൈവ മാലിന്യത്തിന്‍റെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ്, മാലിന്യങ്ങളുടെ കൈകാര്യം ചെയ്യല്‍, മാലിന്യ സംസ്കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കായാണ് വിലയിരുത്തല്‍. പൊതുശൗചാലയങ്ങളുടെ ശുചിത്വാവസ്ഥയും പരിശോധിക്കും.

പരിശോധനാ സംഘങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം നേരിട്ട് സന്ദര്‍ശിച്ചാകും മാര്‍ക്ക് ഇടുന്നത്. ഇവര്‍ക്ക് ഇതിനായി കില മുഖേന പരിശീലനം നല്‍കും. 70%ത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും ഗ്രീൻ കാറ്റഗറിയും, 70%ത്തിനും 50% ത്തിനും ഇടയിലുള്ളവര്‍ക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും, 50%ത്തിനും 20%ത്തിനും ഇടയിലുള്ളവര്‍ക്ക് സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നല്‍കും. 20%ത്തില്‍ താഴെ നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നല്‍കുന്നത്.

ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറും, ജില്ലാ തലത്തില്‍ ജില്ലാ ശുചിത്വ മിഷൻ കോര്‍ഡിനേറ്റര്‍ കൺവീനറും ഹരിതകേരള മിഷൻ കോര്‍ഡിനേറ്റര്‍ കോര്‍ഡിനേറ്ററുമായ സമിതികളാണ് പരിശോധിക്കുക. കളക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിംഗ് സമിതിയുടെ അധ്യക്ഷൻ. സംസ്ഥാന തലത്തിലെ സൂപ്പര്‍ ചെക്കിംഗ് ടീമിന്‍റെ ചെയര്‍മാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ‍ പ്രിൻസിപ്പല്‍ ഡയറക്ടറാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷയും നവകേരള കര്‍മ്മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ കോ ചെയര്‍പേഴ്സണുമായ സംസ്ഥാനതല ശുചിത്വ ഗ്രേഡിംഗ് സമിതിയും പ്രവര്‍ത്തിക്കും.

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിന് നടപടി സഹായകരമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിംഗ് വഴി, ഓരോ പ്രദേശത്തിന്‍റെയും പോരായ്മയും, മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിയാം. കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു

Story Highlights: Sanitation grading to local self-government bodies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here