Advertisement

എസ്എഫ്‌ഐ സ്വയം ഭോഗത്തെ പരസ്യമായി പിന്തുണക്കുന്നത് കാരണം രക്ഷിതാക്കള്‍ തീ തിന്നുന്നു; ജെഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ വീണ്ടും എം.കെ.മുനീര്‍

August 8, 2022
Google News 3 minutes Read
m k muneer gender neutral uniform

ജെഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എ. എസ്എഫ്‌ഐ സ്വയം ഭോഗത്തെ പരസ്യമായി പിന്തുണക്കുന്നത് കാരണം രക്ഷിതാക്കള്‍ തീ തിന്നുന്നുവെന്ന് എം.കെ.മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വയംഭോഗം സംബന്ധിച്ച വിഷയത്തില്‍ എസ്എഫ്‌ഐ വിവിധ ക്യാമ്പസുകളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ പോസ്റ്റര്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു എം.കെ.മുനീറിന്റെ വിമര്‍ശനം. ജെഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ വിമര്‍ശനവുമായി മുനീര്‍ നേരത്തേയും രംഗത്തെത്തിയിരുന്നു ( m k muneer gender neutral uniform ).

മാര്‍ക്‌സസ്റ്റ് ഭരണകൂടം ചെറിയ സമ്മാനങ്ങള്‍ കാട്ടി വലിയ ഗര്‍ത്തങ്ങളിലേക്ക് സ്ത്രീകളെ തള്ളിയിടുകയാണ് എന്ന് തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. വസ്ത്രങ്ങളുടെ കാര്യത്തില്‍ പോലും അവര്‍ സ്ത്രീപക്ഷത്തു നില്‍ക്കാത്തത് എന്തുകൊണ്ടാണ്? പുരുഷ പക്ഷത്ത് നില്‍ക്കാനും, പുരുഷന്‍ ആഗ്രഹിക്കുന്ന പോലെയോ, അല്ലെങ്കില്‍ പുരുഷനായി തന്നെയോ തന്റെ സ്വത്വത്തെ മാറ്റാന്‍ പറയുന്നതല്ലേ വലിയ സ്ത്രീവിരുദ്ധതയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തം സ്വത്വവും, അടയാളവും, അഭിരുചിയും തന്നെ മാറ്റേണ്ടവളാണ് സ്ത്രീയെന്ന വര്‍ത്തമാനം സ്ത്രീയില്‍ അവളെ സംബന്ധിച്ച് അപകര്‍ഷതാബോധം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? സ്ത്രീയെ പുരുഷനെപ്പോലെ മാറാന്‍ പറയുന്നവര്‍, എന്തുകൊണ്ട് പുരുഷന് മാറാന്‍ ഒന്നുമില്ലെന്ന് പറയുന്നു? എന്തുകൊണ്ട് പുരുഷന് സ്ത്രീയില്‍ നിന്നും ഒന്നും എടുക്കാന്‍ ഇല്ല? സ്ത്രീ വസ്ത്രം താഴ്ന്നതാണ് എന്നും അതില്‍ നിന്നും രക്ഷകിട്ടാന്‍ പുരുഷനെപോലെ കോലം മാറണമെന്നും പറയുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കലാലയങ്ങളില്‍ എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ ലിബറലിസത്തിന്റെ ഭാഗമായി നടത്തുന്ന സ്വകാര്യതാ പ്രദര്‍ശനങ്ങള്‍ കുട്ടികളെ എങ്ങനെയെല്ലാം നെഗറ്റീവായി ബാധിക്കുന്നു എന്ന വിഷയം ശ്രദ്ധിക്കേണ്ടതാണ്. സ്വയം ഭോഗത്തെ പരസ്യമായി പിന്തുണച്ചും, അതിനു വേണ്ടി ദിവസങ്ങളെ ആഘോഷിച്ചും സ്വതന്ത്ര രതിക്കു വേണ്ടി പോസ്റ്ററുകള്‍ പതിച്ചും ഇവര്‍ നടത്തുന്ന സദാചാര വിരുദ്ധ കരച്ചിലില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സമൂഹവും, രക്ഷിതാക്കളും ഒരു പോലെ തീ തിന്നുന്നുണ്ട്.

ഇവരുമായി യോജിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും അനുഭവിക്കുന്നുണ്ട്. പലരും പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന് വിധേയമാകുന്നു. ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നു. പുരോഗമനം എന്ന പേരില്‍ തങ്ങളുടെ അശ്ലീല ചിന്തകള്‍ ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്നില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതവരെ എങ്ങനെ എല്ലാമാണ് ബാധിക്കുന്നത് എന്ന് ചിന്തിക്കാനുള്ള മനുഷ്യ ബോധമെങ്കിലും മാര്‍ക്‌സിസ്റ്റ് ഭരണ കൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കണമെന്നും മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതം മാക്‌സിസം നാസ്തികത ലിബറലിസം എന്ന വിഷയത്തെ സംബന്ധിച്ച് എം എസ് എഫ് നടത്തിയ വേര് എന്ന പരിപാടിയില്‍ ഞാന്‍ അവതരിപ്പിച്ച വിഷയം പിന്നീട് കേരളത്തിന്റെ പൊതുബോധത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ.

ഇത്തരം ചര്‍ച്ചകളെയും, അതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളെയും ആരോഗ്യകരമായ ഒരു സംവാദത്തിന്റെ തന്നെ ഭാഗമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.സത്യത്തില്‍ കേരളീയ പരിസരത്തില്‍ അത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കം ഇടണമെന്ന് തന്നെയായിരുന്നു അവതരണം കൊണ്ടുള്ള ഉദ്ദേശവും. ആരോഗ്യപരമായ സംവേദനങ്ങളും, വിമര്‍ശനാത്മകമായ വായനകളും ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന ധാരണയില്‍ നിന്നാണ് ഇത്ര ഷാര്‍പ്പായ വര്‍ത്തമാനങ്ങള്‍ എന്നില്‍ നിന്നും ഉണ്ടായത്. അഥവാ കേരളീയ ജനശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ അനിവാര്യമായ വിമര്‍ശനസ്വരത്തില്‍ തന്നെയാണ് ഞാന്‍ സംസാരിച്ചത്. ഉദ്ദേശിച്ച പോലെ തന്നെയുള്ള സംവാദങ്ങള്‍ക്ക് എന്റെ വിഷയാവതരണം വഴിവെക്കുകയും അത് ഈ വിഷയത്തെ സംബന്ധിച്ചും, അതിന്റെ ഇരു ദ്രുവങ്ങളെ സംബന്ധിച്ചും ഒരു ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ സഹായിച്ചു എന്നും തന്നെയാണ് മനസ്സിലാകുന്നത്. വളരെ ആരോഗ്യപരമായ അത്തരം ഉള്‍കൊള്ളലുകളും സംവാദങ്ങളും ഒരു ആധുനിക സമൂഹത്തിന്റെ ഗുണകരമായ ലക്ഷണം കൂടിയാണ്.

എന്നാല്‍ ചിലരെല്ലാം സ്വതന്ത്രമായ ഈ അഭിപ്രായ പ്രകടനത്തെ വല്ലാതെ ദുര്‍വ്യാഖ്യാനിക്കുകയും, അതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, വളരെ അപകടകരമായ രൂപത്തിലേക്ക് ചര്‍ച്ചകളെ വഴിതിരിച്ചുവിടുകയും ചെയ്യുന്നത് കാണുമ്പോള്‍ അതിലെ അപകടവും ആശങ്കയും പങ്കുവെക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.

മതം, നാസ്തികത, ലിബറലിസം, മാര്‍ക്‌സിസം തുടങ്ങിയ വിഷയങ്ങളെ അവലോകനം ചെയ്തു കൊണ്ടുള്ള വിഷയാവതരണം കൊണ്ട് യഥാര്‍ത്ഥത്തില്‍ സാമൂഹ്യ, സദാചാര, മാനവിക വിഷയങ്ങളില്‍ മതവുംമാര്‍ക്‌സിസവും എവിടെവിടെ നില്‍ക്കുന്നു എന്ന വിശകലനമാണ് ഉദ്ദേശിച്ചിട്ടുള്ളത്. രണ്ട് വിരുദ്ധ ധ്രുവങ്ങളില്‍ നിന്നിരുന്ന ലിബറലിസത്തെയും, മാര്‍ക്‌സിസത്തെയും ലിബറല്‍ മാര്‍ക്‌സിസം എന്ന പേരില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന വൈരുദ്ധ്യങ്ങളെയും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെ കാറല്‍ മാര്‍ക്‌സിനെയും, ലെനിനെയും, എംഗല്‍സിനെയുമെല്ലാം അവരുടെ വ്യക്തി ജീവിതത്തെ ചൂണ്ടിക്കാട്ടി ഞാന്‍ അധിക്ഷേപിച്ചുവെന്ന സ്വഭാവത്തില്‍ വിമര്‍ശിക്കുന്നവരുണ്ട്. വാസ്തവത്തില്‍ അവരുടെ സ്വകാര്യ ജീവിതമല്ല വിഷയം, മറിച്ച് അവരുടെ ജീവിതവും, ജീവിത പ്രത്യയശാസ്ത്രവും അത്രമാത്രം ഇഴപിരിക്കാന്‍ കഴിയാത്തവണ്ണം ഒന്നായതുകൊണ്ട് തന്നെ മാര്‍ക്‌സിസത്തെ അതിന്റെ പ്രധാന വക്താക്കളുടെ ജീവിതത്തിലൂടെ കൂടി വായിക്കേണ്ടി വരും. മതം, മാര്‍ക്‌സിസം, എന്നിവയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവ ഉത്ഭവിച്ച കാലഘട്ടത്തെ സംബന്ധിച്ചും കാലഘട്ടവും വ്യക്തിയും തമ്മില്‍ ധാര്‍മികമായ അന്തരമുണ്ടോ എന്നതിനെ സംബന്ധിച്ചുമെല്ലാം സംസാരിക്കേണ്ടി വരിക സ്വാഭാവികമാണ്. പ്രത്യേകിച്ച് മാര്‍ക്‌സിസത്തില്‍ വ്യക്തിക്ക് പ്രത്യേക സ്ഥാനമില്ല, സമൂഹങ്ങളാണ് അതിലുള്ളത്. അപ്പോള്‍ ആ വ്യക്തിയും പ്രത്യയശാസ്ത്രവും പരസ്പരപൂരകമായാണോ വിരുദ്ധമായാണോ നിലനില്‍ക്കുന്നത് എന്ന് ചര്‍ച്ച ചെയ്യേണ്ടി വരുന്നിടത്ത് ഒരു കേസ് സ്റ്റഡി എന്നവണ്ണം അതിന്റെ വക്താക്കളുടെ ജീവിതത്തെ പഠിക്കേണ്ടതായും, അവതരിപ്പിക്കേണ്ടതായും വരും.

എന്നാല്‍ തങ്ങള്‍ക്കെതിരാവുമെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ യാതൊന്നും പാടില്ലെന്ന ഫാഷിസ്റ്റ് ശബ്ദത്തില്‍ മറു ഭാഗത്തു നിന്നും പ്രതിരോധങ്ങള്‍ ഉണ്ടാകുന്നത് ആശങ്ക മാത്രമേ ഉണ്ടാക്കുന്നുള്ളൂ. മാര്‍ക്‌സിസത്തെയും ലിബറലിസത്തെയും വിമര്‍ശിച്ചാല്‍ അവരൊന്നും മനുഷ്യ പക്ഷത്തല്ലെന്ന് സമര്‍ത്ഥിക്കാനുള്ള മുറവിളികളും, സോഷ്യല്‍ മീഡിയ അക്രമണങ്ങളുമെല്ലാം ഈ വിഭാഗത്തിന്റെ ആഗോള സ്വഭാവമായിട്ടുണ്ട്.

തങ്ങള്‍ പറയുന്നതിനപ്പുറം മിണ്ടാന്‍ ആളുണ്ടാകരുതെന്ന തിട്ടൂരം മാത്രമേ തല്‍ക്കാലം ഇതിലൊക്കെ കാണുന്നുള്ളൂ. ഇത് എല്ലായിടത്തും എന്നപോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലും കാലങ്ങളായി ഉപയോഗിക്കുന്ന വളരെ വൃത്തികെട്ട തന്ത്രമാണ്. തങ്ങളെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിക്കാനുള്ള ഇടതുപക്ഷത്തിന്റെ ടെന്റന്‍സി കെ റെയിലിന്റെ കാര്യത്തിലും, ദേശീയ പാത വികസനത്തിന്റെ കാര്യത്തിലും, ഗെയില്‍ പൈപ്പ് ലൈന്‍ സമരത്തിലും ഒക്കെ കേരളം കണ്ടതാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരൊന്നും ഈ സമൂഹത്തിന്റെ ഭാഗമല്ലെന്ന വര്‍ത്തമാനത്തിന്റെ കൂടെ ആറാം നൂറ്റാണ്ടുകാര്‍ എന്ന വംശീയമായ റഫറന്‍സ് കൂടെ ചേരുമ്പോള്‍ മാര്‍ക്‌സിസ്റ്റ് മോഡല്‍ മുസ്ലിം അപരവത്കരണം പൂര്‍ത്തിയാകുന്നു.

വളരെ സ്വതന്ത്രമായി ഈ വിഷയം അവതരിപ്പിച്ചതുകൊണ്ട് മാത്രം ഞാന്‍ പലര്‍ക്കും വളരെ സങ്കുചിതനായ ഇസ്ലാമിസ്റ്റ് മാത്രമായി മാറുന്നത് എന്തുകൊണ്ടാണ്? ഇസ്ലാമും, മാക്‌സിസവും എന്ന വിഷയത്തില്‍ പോലുമല്ല എന്റെ വിഷയാവതരണം എന്നത് ശ്രദ്ധിക്കണം. മറിച്ച് മതവും മാര്‍ക്‌സിസവും എന്ന തലക്കെട്ടിലാണ് ഞാന്‍ സംസാരിച്ചത്. അത് ഇസ്ലാമിനെ മാത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു സംവേദനവുമായിരുന്നില്ല. എന്നാല്‍ എല്ലാ മത ദര്‍ശനങ്ങള്‍ക്കും ഈ ലിബറല്‍ പരിസരത്തുനിന്നും ഉണ്ടാവുന്നത് ഒരേ പരുക്കിന്റെ അനുഭവങ്ങളാണ് എന്ന് പറയുകയാണ് ഞാന്‍ ചെയ്തത്.

അപ്പോള്‍ ലിബറല്‍ ലോക ചിന്തകളോട് സമരസപ്പെടാത്തവരെയെല്ലാം തീവ്രവാദികളും, താലിബാനികളും അപരിഷ്‌കൃതരും, സങ്കുചിതനായ ഇസ്ലാമിസ്റ്റും ആക്കുന്നതെന്താണ്? തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയാന്‍ തുടങ്ങുന്നവരെ ചാപ്പകുത്തി ഒതുക്കാമെന്ന ഗുണ്ടാ നിലപാട് ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കുന്നത് തെളിയിക്കുക മാത്രമേ ഇത് ചെയ്യുന്നുള്ളൂ. എന്നാല്‍ ചാപ്പ കൊടുക്കുമ്പോള്‍ എങ്കിലും അല്‍പം യാഥാര്‍ഥ്യബോധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

മാര്‍ക്‌സിസത്തോടും, ലിബറല്‍ അരാചകത്വ ചിന്തകളോടും ഉള്ള നിലപാട് തന്നെയാണ് എനിക്ക് സങ്കുചിത തീവ്രവാദ ചിന്തകളോടുള്ള നിലപാടും. താലിബാനെതിരെ എഴുതിയതിന്റെ പേരില്‍ ഇവിടെ വധഭീഷണിയെ പോലും നേരിടേണ്ടിവന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും പ്രത്യയശാസ്ത്രപരമായി അതിനെ നേരിടുന്നവരില്‍ ഞാന്‍ മുമ്പിലുണ്ടായിരുന്നു. സമുദായത്തില്‍ എസ്ഡി.പി.ഐ എന്ന സംഘടന തീവ്ര ശബ്ദവുമായി രംഗത്ത് വരാന്‍ തുടങ്ങിയിരുന്ന കാലത്ത് അതിന്റെ ഭ്രൂണ രൂപത്തോട് പോലും ഞാന്‍ ഏറ്റുമുട്ടിയിരുന്നു. അക്കാലത്ത് യൂത്ത്‌ലീഗ് വഴി അത്തരം ചിന്താധാരകളെ പ്രത്യയശാസ്ത്രപരമായി പ്രതിരോധിക്കാന്‍ വേണ്ടി പണിയെടുത്ത വ്യക്തി കൂടിയാണ് ഞാന്‍. ഇന്നും അവരെ നഖശിഖാന്തം എതിര്‍ക്കുന്നവരില്‍ മുന്‍ നിരയില്‍ തന്നെ ഞാനുണ്ടെന്ന് കണ്ണുള്ളവര്‍ക്ക് കാണാം.

മറ്റു ഫാഷിസ്റ്റ് സംഘടനകളോടുള്ള എന്റെ നിലപാടുകളും കേരളം കണ്ടതാണ്. ഇന്ത്യയില്‍ ഫാഷിസത്തിന് മുസോളിനിയുടെ ഫാസിസവുമായും, ഹിറ്റ്‌ലറുടെ നാസിസവുമായും ഒക്കെ സാദൃശ്യമുണ്ടെന്ന് മാത്രമല്ല അവയില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഡോക്ടര്‍ മൂഞ്ചെയുടെ മുസ്സോളിനിയുമായുള്ള കൂടിക്കാഴ്ചയും മൂഞ്ചെ അന്നത്തെ ബലാലിയ മൂവ്‌മെന്റിനെ അനുകൂലിച്ചുകൊണ്ട് നടത്തിയ പ്രസംഗങ്ങളും, അദ്ദേഹത്തിന്റെ നിലപാടുകളും അതില്‍ നിന്നും മിലിറ്റന്റ് ആയ ഒരു വിഭാഗം ഉണ്ടാവുന്നതിനെ സംബന്ധിച്ചും ഒക്കെയുള്ള അക്കാലത്തെ എന്റെ ലേഖനങ്ങള്‍ ആര്‍ക്കും കാണാം. ഇവയെല്ലാം ഫാഷിസത്തെ മുന്നില്‍ കണ്ട് ചെറുക്കാനുള്ള വളരെ ക്രിയാത്മകമായ ഇടപെടലുകള്‍ ആയിരുന്നു. ആ എന്നെ താലിബാനില്‍ എടുക്കാന്‍ നടക്കുന്നവര്‍ക്ക് രാഷ്ട്രീയബോധമോ, സാമാന്യബോധമോ ഇല്ലാതെ പോകുന്നതിലെ സഹതാപം മാത്രം രേഖപ്പെടുത്തുന്നു.

ഞാന്‍ സംസാരിച്ചത് ഈ നാട്ടിലെ എല്ലാ വിശ്വാസികള്‍ക്കും വേണ്ടിയാണ്, ഈ നാട്ടിലെ ഇടതുപക്ഷത്തോടൊപ്പം കൂടെ നില്‍ക്കുന്ന സകല ഹൈന്ദവരെയും, ക്രൈസ്തവരെയും, മുസ്ലിങ്ങളെയും ബാധിക്കുന്ന ഒരു സാമൂഹ്യ പ്രശ്‌നത്തെയാണ് ഞാന്‍ വിഷയാവതരണത്തിലൂടെ സൂചിപ്പിച്ചത്. പുരോഗമനമെന്ന പേരില്‍ കേരളത്തിലെ ക്യാമ്പസുകളിലൂടെ അടക്കം മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രോത്സാഹിപ്പിക്കുന്ന അരാചകത്വങ്ങളെ സംബന്ധിച്ച ആശങ്ക പങ്കുവച്ചാല്‍ താലിബാനി എന്ന് വിളിക്കുന്ന കള്‍ച്ചറല്‍ ഫാഷിസത്തോട് സമരസപ്പെട്ടു പോകാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. എന്റെ സംസാരം അപ്പോഴും ഇപ്പോഴും സ്ത്രീപക്ഷത്തു തന്നെയായിരുന്നു. പാട്രിയാര്‍ക്കല്‍ ആയ ഒരു സമൂഹത്തില്‍ സ്ത്രീയെ രണ്ടാംതരക്കാരിയായി കാണുന്നു എന്ന പ്രശ്‌നമാണ് ആ വിഷയാവതരണത്തിന്റെ ആകെത്തുക.അത് പല പുരോഗമന സ്ത്രീകള്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതില്‍ അത്ഭുതമുണ്ട്.അത് മാര്‍ക്‌സിസം പ്രതിസ്ഥാനത്ത് വരുമ്പോള്‍ സ്ഥിരം ഉണ്ടാകുന്ന സെലക്ടീവ് അജ്ഞത ആണെങ്കില്‍ വിളിച്ചുണര്‍ത്തുന്നില്ല.

സമൂഹത്തിന്റെ ധാര്‍മിക സദാചാര പരിസരങ്ങളെയെല്ലാം ഉടച്ചുവാര്‍ക്കണമെന്നും, കുടുംബ സംവിധാനങ്ങളെ പോലും ഇല്ലാതാക്കണമെന്നും സ്വപ്നം കാണുന്ന അരാജകത്വവാദികള്‍ പുരോഗമനമെന്ന പേരില്‍ പുതിയ തലമുറയെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിലുള്ള ആശങ്ക സാമൂഹ്യബോധമുള്ള മലയാളികളിലെല്ലാമുണ്ട്.ലിബറലിസവും മാര്‍ക്‌സിസവും ഒരുമിച്ച് അതിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശിക്കേണ്ടി വരിക ഒരു അനിവാര്യതയാണ്.എല്ലാ വിശ്വാസികളും അവിശ്വാസികളും ഒരുപോലെ തന്നെ ഈ മാര്‍ക്‌സിസവും, ലിബറല്‍ അരാജകത്വ വാദങ്ങളും സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!.

എനിക്ക് സംസാരിക്കാനുള്ളത് എല്ലാവരോടുമാണ്. പ്രത്യേകിച്ച് സ്ത്രീകളോട്.മാര്‍ക്‌സസ്റ്റ് ഭരണകൂടം ചെറിയ സമ്മാനങ്ങള്‍ കാട്ടി വലിയ ഗര്‍ത്തങ്ങളിലേക്ക് അവരെ തള്ളിയിടുകയാണ് എന്ന് തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്.വസ്ത്രങ്ങളുടെ കാര്യത്തില്‍ പോലും അവര്‍ സ്ത്രീപക്ഷത്തു നില്‍ക്കാത്തത് എന്തുകൊണ്ടാണ്? പുരുഷ പക്ഷത്ത് നില്‍ക്കാനും, പുരുഷന്‍ ആഗ്രഹിക്കുന്ന പോലെയോ, അല്ലെങ്കില്‍ പുരുഷനായി തന്നെയോ തന്റെ സ്വത്വത്തെ മാറ്റാന്‍ പറയുന്നതല്ലേ വലിയ സ്ത്രീവിരുദ്ധത!?
സ്വന്തം സ്വത്വവും, അടയാളവും, അഭിരുചിയും തന്നെ മാറ്റേണ്ടവളാണ് സ്ത്രീയെന്ന വര്‍ത്തമാനം സ്ത്രീയില്‍ അവളെ സംബന്ധിച്ച് അപകര്‍ഷതാബോധം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?
സ്ത്രീയെ പുരുഷനെപ്പോലെ മാറാന്‍ പറയുന്നവര്‍, എന്തുകൊണ്ട് പുരുഷന് മാറാന്‍ ഒന്നുമില്ലെന്ന് പറയുന്നു? എന്തുകൊണ്ട് പുരുഷന് സ്ത്രീയില്‍ നിന്നും ഒന്നും എടുക്കാന്‍ ഇല്ല? സ്ത്രീ വസ്ത്രം താഴ്ന്നതാണ് എന്നും അതില്‍ നിന്നും രക്ഷകിട്ടാന്‍ പുരുഷനെപോലെ കോലം മാറണമെന്നും പറയുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ലക്ഷണമാണ്.

എല്ലാ തലത്തില്‍ നിന്നും ഇതാണ് ആധുനികമെന്നും, പുരോഗമനമെന്നും പറയുന്നത് അതനുസരിക്കാന്‍ സ്ത്രീയില്‍ സാമൂഹ്യ സമ്മര്‍ദ്ദമുണ്ടാക്കലാണ്.സ്ത്രീയുടെ കംഫര്‍ട്ട് അതാണല്ലോ എന്നാണ് ശേഷം ന്യായം പറയുന്നത്. കംഫര്‍ട്ട് ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അവിടെ ജന്ററും, ന്യൂട്രാലിറ്റിയുമൊക്കെ വരുന്നത് എങ്ങനെയാണ്? ആണും, പെണ്ണുമെല്ലാം ഒരൊറ്റ രൂപത്തില്‍ ഉള്ള വസ്ത്രം ധരിക്കട്ടെ എന്നു പറഞ്ഞാല്‍ അത് കംഫര്‍ട്ടിന് വിരുദ്ധമായ ആശയമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ലിബറലുകള്‍ക്ക് ഉണ്ടായില്ലെങ്കിലും മറ്റ് സമൂഹങ്ങള്‍ക്ക് ഉണ്ടാകണം.എല്ലാവര്‍ക്കും അവരവരുടെ ശാരീരിക വ്യത്യസ്തതകള്‍ക്കും, വൈവിധ്യങ്ങള്‍ക്കും, അഭിരുചികള്‍ക്കും അനുസരിച്ച് വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നിടത്താണ് കംഫര്‍ട്ട് ഉണ്ടാകുന്നത്.ആ വ്യത്യസ്തതകളെ നിഷേധിക്കുകയും സകലരും ഒറ്റക്കോലത്തില്‍ വസ്ത്രം ധരിക്കണം എന്നു വാശി പിടിക്കുന്നതും കംഫര്‍ട്ടിന് നേര്‍ വിപരീതമായ നിലപാടാണ്. ഇനി ഇതിനെ അംഗീകരിച്ചാല്‍ തന്നെ അതിലും കംഫര്‍ട്ടായി സകലര്‍ക്കും ധരിക്കാവുന്ന ‘മാക്‌സി’പുരുഷനിടാന്‍ തയ്യാറല്ല താനും.പുരുഷന്മാരെല്ലാം മാക്‌സിയും പാവാടയും അണിയട്ടെയെന്ന് പറയുന്ന ഒരു തിട്ടൂരം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വരാന്‍ പോകുന്നില്ല. അപ്പോള്‍ അടിച്ചേല്‍പ്പിച്ച ശേഷം അതാണ് സ്ത്രീയുടെ കംഫര്‍ട്ട് എന്ന് പ്രഖ്യാപിക്കുന്നത് സ്ത്രീവിരുദ്ധവും, കണ്‍സെന്റ് മാനിപുലേഷനും ഒക്കെയാണ്. പുരുഷാധിപത്യം തീരുമാനിച്ച് സ്ത്രീയോട് ആജ്ഞാപ്പിക്കുന്ന ഈ അവസ്ഥ മാറണം.
കലാലയങ്ങളില്‍ എസ്. എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ ലിബറലിസത്തിന്റെ ഭാഗമായി നടത്തുന്ന സ്വകാര്യതാ പ്രദര്‍ശനങ്ങള്‍ കുട്ടികളെ എങ്ങനെയെല്ലാം നെഗറ്റീവായി ബാധിക്കുന്നു എന്ന വിഷയം ശ്രദ്ധിക്കേണ്ടതാണ്.സ്വയം ഭോഗത്തെ പരസ്യമായി പിന്തുണച്ചും, അതിനു വേണ്ടി ദിവസങ്ങളെ ആഘോഷിച്ചും സ്വതന്ത്ര രതിക്കു വേണ്ടി പോസ്റ്ററുകള്‍ പതിച്ചും ഇവര്‍ നടത്തുന്ന സദാചാര വിരുദ്ധ കരച്ചിലില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സമൂഹവും, രക്ഷിതാക്കളും ഒരു പോലെ തീ തിന്നുന്നുണ്ട്.ഇവരുമായി യോജിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും അനുഭവിക്കുന്നുണ്ട്.പലരും പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന് വിധേയമാകുന്നു, ആത്മഹത്യാ പ്രവണതകള്‍ വര്‍ദ്ധിക്കുന്നു.പുരോഗമനം എന്ന പേരില്‍ തങ്ങളുടെ അശ്ലീല ചിന്തകള്‍ ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്നില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതവരെ എങ്ങനെ എല്ലാമാണ് ബാധിക്കുന്നത് എന്ന് ചിന്തിക്കാനുള്ള മനുഷ്യ ബോധമെങ്കിലും മാര്‍ക്‌സിസ്റ്റ് ഭരണ കൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കേണ്ടത് ആയിട്ടുണ്ട്.

Story Highlights: m k muneer again on the issue of gender neutral uniform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here