Advertisement

തളിപ്പറമ്പിലെ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ്

August 8, 2022
Google News 1 minute Read

തളിപ്പറമ്പിലെ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിൻ മുങ്ങിയത്.
അതിനിടെ, പണം തിരികെ നൽകുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തിൽ പറയുന്നു.

22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളിൽ സജീവം. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശം അബിനാസ് പങ്കുവെച്ചു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റ്. ട്രേഡിങ്ങ് ബിസിനസിൽ അപ്രതീക്ഷിത നഷ്ടം വന്നു. താൻ മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും ശബ്ദ സദ്ദേശത്തിൽ അബിനാസ് പറയുന്നു.

കോടികൾ സമാഹരിച്ചുവെന്ന് അബിനാസ് ശബ്ദ സന്ദേശത്തിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ തളിപ്പറമ്പ് പോലീസിന് ഇതുവരെ ലഭിച്ചത് ഒരു പരാതി മാത്രം. കേസുമായി പോയാൽ പണം ലഭിക്കില്ലെന്ന അബിനാസിന്റെ ഭീഷണി. പണത്തിൻ്റെ സോഴ്സ് വെളിപ്പെടുത്താനാകാത്ത നിക്ഷേപകർ. ഇതെല്ലാമാണ് കൂടുതൽ പരാതികൾ ലഭിക്കാത്തതിന് പിന്നിലെന്നാണ് നിഗമനം.

Read Also: കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ കേന്ദ്ര അന്വേഷണം

തളിപ്പറമ്പിൽ ലോത്ത് ബ്രോക്ക് എന്ന പേരിൽ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ പണ സമാഹരണം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നൽകുമെന്ന് വാഗ്ദാനം. ഒരു ലക്ഷം മുതൽ ഒരു കോടി വരെ നിക്ഷേപിച്ചവർ ഉണ്ടെന്നാണ് വിവരം. വൻതുക നേടിയെടുത്തതിന് പിന്നാലെ അബിനാസിനെ കാണാതായി. നിക്ഷേപകർ അബിനാസിനെ തേടിച്ചെല്ലാത്ത സ്ഥലങ്ങളില്ല . പക്ഷേ ഫലമുണ്ടായില്ല. സുഹൃത്തും കേസിലെ കൂട്ടുപ്രതിയുമായി കെ പി സുഹൈറിനെ ഒരു വിഭാഗം നിക്ഷേപകരുടെ സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഒളിവിലിരുന്ന് അവകാശവാദങ്ങൾ തുടരുകയാണ് അബിനാസ്.

Story Highlights: taliparamba crypto investment fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here