Advertisement

മേയർക്ക് പിന്തുണയുമായി സിപിഐഎം ജില്ലാ സെക്രട്ടറി; ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല

September 9, 2022
Google News 2 minutes Read
anavoor nagappan support mayor

മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു ( anavoor nagappan support mayor ).

മേയർ വിഷയത്തിൽ ഉചിതമായി ഇടപെടും. നടപടി പിൻവലിക്കുന്ന കാര്യത്തിൽ തൊഴിലാളി യൂണിയനുമായി ചർച്ച ചെയ്ത്‌ മേയർ തീരുമാനമെടുക്കും. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയ്ക്കുള്ളത്. മേയറുടെ നടപടിക്കെതിരായ സിഐടിയു പ്രതിഷേധം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ രം​ഗത്തെത്തി. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

Read Also: ആര്യാ രാജേന്ദ്രനെതിരെ എം.വി.​ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഐഎൻടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം. വിവാദം ശക്തമായതടെ സിപിഐഎം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സിപിഐഎം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.

Story Highlights: anavoor nagappan support mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here