Advertisement

അടൂർ ജനറൽ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണം നടത്താൻ നിർദേശം നൽകി ആരോഗ്യ മന്ത്രി

September 30, 2022
Google News 2 minutes Read
veena george order probe on adoor newborn baby death

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ( veena george order probe on adoor newborn baby death )

സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഡോക്ടറുടെ അലംഭാവമാണ് കുഞ്ഞ് മരിക്കാൻ ഇടയായതെന്നാണ് ബന്ധുക്കളുടെ പരാതി. വിനീത്, രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ആശുപത്രി അധികൃതരോ സൂപ്രണ്ടോ ഉൾപ്പെടെയുള്ളവർ തയ്യാറായിട്ടില്ല.

മരിച്ചു പോയ കുട്ടിയുടെ അമ്മൂമ്മ ഓമനയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അവർ പറയുന്നതനുസരിച്ച് ബുധനാഴ്ചയാണ് യുവതിയെ പ്രസവത്തിനായി അടൂർ ആശുപത്രിയിൽ എത്തിച്ചത്. മികച്ച സൗകര്യങ്ങളുള്ള ഒരു സർക്കാർ ആശുപത്രി തന്നെയാണ് അടൂരിലേത്. സീറോ ഡെത്ത് ആണ് ആശുപത്രിയിലെ നവജാത ശിശു മരണനിരക്കിലുള്ളത്.

വ്യാഴാഴ്ച പ്രസവവേദന അറിയിച്ചിട്ടും ഡോക്ടർ എത്തിയില്ല. കഠിനമായ വേദന കൊണ്ട് പെൺകുട്ടി കരഞ്ഞു. തുടർന്ന് ബന്ധുക്കൾ നഴ്‌സുമാരെയും ഡോക്ടർമാരെയും വിവരം അറിയിച്ചു. പക്ഷേ അപ്പോഴൊന്നും വേണ്ട ചികിത്സ ലഭ്യമാക്കാനോ ഓപ്പറേഷൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കാനോ തയ്യാറായില്ല. പിന്നീട് യുവതിക്ക് അനക്കമില്ല എന്ന് മാതാവ് തന്നെയാണ് ഡോക്ടറെയും നഴ്‌സുമാരെയും അറിയിച്ചത്. അതിനുശേഷം ഇവരുടെ ബന്ധുക്കളിൽ നിന്ന് നിരവധി പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഒരു ഓപ്പറേഷൻ നടത്താൻ പോലും ആശുപത്രി അധികൃതർ തയ്യാറായത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കഴുത്തിൽ പൊക്കിൾക്കൊടി കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലാണ് ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.

Story Highlights: veena george order probe on adoor newborn baby death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here