ഭഗവൽ സിങ്ങിന് 7.45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത

ഭഗവൽ സിങ്ങിന് 7.45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്. ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടവ് നീണ്ട നാൾ മുടങ്ങിക്കിടക്കുകയായിരുന്നു. മകൾക്ക് ജോലി ലഭിച്ചശേഷം കുറച്ചു തുക തിരികെ അടച്ചുവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ( bhagaval singh financial crisis )
ഇലന്തൂരിലെ സഹകരണ ബാങ്കിൽ നിന്നാണ് വീടും സ്ഥലവും പണയം വച്ച് പണം വായ്പയെടുത്തത്. ഈ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വേണ്ടി സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള സർവൈശ്വര്യ പൂജ നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ബാങ്കിന് പുറമെ മറ്റ് ചില്ലറ വായ്പകളും ഭഗവൽ സിംഗ് എടുത്തിരുന്നു. മൊത്തം പത്ത് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്ന് പുറത്ത് വരുന്ന സൂചനകൾ.
ഇന്നലെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.
ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.
റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകൾ ഞെട്ടിക്കുന്നതാണ്. ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.
പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന റഷീദ് ആണ് നരബലിയുടെ മുഖ്യസൂത്രധാരൻ എന്ന് പോലീസ് പറയുന്നു . ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് റഷീദ് ഭഗവൽ സിംഗിനെ ബന്ധപ്പെട്ടത് . വലിയ സിദ്ധൻ എന്ന് പറഞ്ഞ് റഷീദ് തന്നെ തന്റെ നമ്പർ ഭഗവൽ സിങ്ങിന് നൽകി. ദമ്പതികൾ പൂർണമായും ഷാഫി പറയുന്ന മനോനിലയിൽ എത്തി.
എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.
റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
Story Highlights: bhagaval singh financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here