ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നു; നടപടികളാരംഭിച്ചു

ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടി തുടങ്ങി. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാകും നൈജീരിയയിലേക്ക് മാറ്റുക. നൈജീരിയന്‍ നാവിക സേന കപ്പലിലുള്ള 15 പേരെയും ചരക്ക് കപ്പലിലേക്ക് മാറ്റി. ഹീറോയിക് ഇഡുന്‍ കപ്പലില്‍ നിന്നും ഗിനിയമന്‍ നാവികസേന ഉദ്യോഗസ്ഥര്‍ മടങ്ങി. ഗിനിയ നാവിക കപ്പലാണ് ഹീറോയിക് ഇഡുന്‍ കപ്പലിന് സുരക്ഷ നല്‍കുന്നത്. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടുമെന്ന് ചീഫ് ഓഫീസര്‍ സനു ജോസ് പറഞ്ഞു.
ഗിനിയന്‍ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടില്‍ ലൂബ പോര്‍ട്ടില്‍ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചെങ്കിലും യന്ത്രത്തകരാര്‍ മൂലം കപ്പലിന് യാത്ര തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. യന്ത്രത്തകരാര്‍ പരിഹരിച്ചതോടെയാണ് നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത്.
കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗിനിയയിലെ എംബസി അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്നലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെയും നൈജീരിയയിലെ കേരള സമാജത്തിന്റെയും ട്വന്റിഫോറിന്റെയും നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരുന്നു.
Read Also: ഗിനിയയില്‍ തടവിലാക്കപ്പെട്ട നാവികരുടെ മോചനം; ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഹെല്‍പ്പ് ഡെസ്‌ക് പ്രതിനിധികളും ഗിനിയ എംബസി പ്രതിനിധികളും നാവികരെ സന്ദര്‍ശിക്കുകയും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. നൈജീരിയയിലേക്കെത്തുന്ന നാവികര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുന്നതിന് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ സജ്ജമാണ്.
Story Highlights: Indian sailors detained in Guinea are taken to Nigeria