യുഎഇയിൽ നിന്ന് ഈ മഞ്ഞുകാലത്ത് പോകാൻ പറ്റിയ 6 ടൂറിസ്റ്റ് കേന്ദ്രങ്ങൾ
യുഎഇയിൽ മഞ്ഞുകാലം എത്തിപ്പോയി. പല സ്‌കൂളുകളും ശീതകാല അവധിക്കായി അടച്ചു കഴിഞ്ഞു. ഈ സമയത്ത് വീട്ടിൽ തന്നെ പുതച്ചുമൂടി ഇരിക്കാതെ അൽപം യാത്രയാകാം. യുഎഇയിൽ നിന്ന് പെട്ടെന്ന് പോകാവുന്ന ആറ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ : ( 6 places to visit from uae winter )
സെർബിയ
മധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന സെർബിയയിലേക്ക് ദുബായിൽ നിന്ന് വെറും 5.5 മണിക്കൂർ യാത്രയേ ഉള്ളു. ഇതിനോടകം തന്നെ സെർബിയ ആകെ മഞ്ഞിൽ മൂടിയിരിക്കും.
കോട്ടകളുടേയും ഫാമുകളുടേയും കേന്ദ്രമായ സെർബിയയിലെ ക്രിസ്മസ് വളരെ പ്രശസ്തമാണ്. ബെൽഗ്രേഡിലെ ക്രിസ്മസ് മാർക്കറ്റ്, സെയിന്റ് സാവാ ക്ഷേത്രം, നോവി സാഡിലെ ഷോപ്പിംഗ്, സ്റ്റോപിക് ഗുഹകൾ, ബെൽഗ്രേഡ് ഫോട്ട്രസ് എന്നിങ്ങനെ കാഴ്ചകൾ അനവധിയാണ്.
ഒമാൻ
യുഎഇ നിവാസികൾക്കെല്ലാം ഒമാൻ സുപരിചിതമാണ്. മസ്‌ക്റ്റിലെ പെബിൾ ബീച്ച് കണ്ടും, വാദി ആഷ് ഷാബിൽ സ്‌നോർകെലിംഗ് ചെയ്തും, സലാലയുടെ മനോഹാരിത ആസ്വദിച്ചും ദിനരാത്രങ്ങൾ ആസ്വദിക്കാം. ദുബായിൽ നിന്ന് ഫ്‌ളൈറ്റിൽ ആണെങ്കിൽ ഒരു മണിക്കൂറിൽ ഒമാൻ എത്താം. കാറിലാണെങ്കിൽ മൂന്ന് മുതൽ 4 മണിക്കൂറിൽ ഒമാൻ എത്താം.
അർമേനിയ
ജീവിക്കാൻ വളരെ ചെലവ് കുറഞ്ഞ സ്ഥലമാണ് അർമേനിയ. പക്ഷേ ഇവിടം പൈതൃകവും സാംസ്‌കാരിക കെട്ടിടങ്ങളാലും സമ്പന്നമാണ്. നൊറോവാങ്കിൽ വൈൻ രുചിച്ചും, റിപബ്ലിക് സ്‌ക്വെയറിലൂടെ പ്രിയപ്പെട്ടവരുമൊത്ത് സൊറ പറഞ്ഞ് നടന്നും, ഗാർണി ക്ഷേത്രം കണ്ടും, യെരേവൻ മ്യൂസിയത്തിലൂടെ പോയകാലത്തേക്ക് തിരിഞ്ഞുനോക്കിയും മറ്റും അവധിക്കാലം തീരുന്നത് നിങ്ങൾ അറിയുകയേ ഇല്ല. ദുബായിൽ നിന്ന് വെറും മൂന്നര മണിക്കൂറിൽ ഫ്‌ളൈറ്റിൽ അർമേനിയ എത്തും.
തുർക്കി
ക്രൈസ്തവ വാസ്തുശൈലിയും ഇസ്ലാമിക വാസ്തുശൈലിയും സമന്വയിക്കുന്ന ഇടം..അതാണ് തുർക്കി. ജീവിതത്തിൽ ഒരിക്കലെങ്കിലും ബ്ലൂ മോസ്‌ക് കാണണമെന്ന് ചിന്തിക്കാത്തവരായി ആരുണ്ട് ? ടർക്കിഷ് മധുര പലഹാരങ്ങളുടെ ആരാധകരാണ് നിങ്ങളെങ്കിൽ അത് നേരിട്ട് ചെന്ന് കഴിക്കാൻ പറ്റിയ സമയമാണ് ഇത്. ദുബായിൽ നിന്ന് ഫ്‌ളൈറ്റിൽ വെറും 3.5 മണിക്കൂരിൽ നിങ്ങളുടെ സ്വപ്‌ന നഗരിയിലേക്ക് എത്താം.
ജോർദാൻ
മനുഷ്യ നിർമിതികളുടെ മനോഹാരിതയ്‌ക്കൊപ്പം പ്രകൃതി ഭംഗി കൂടി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ജോർദാൻ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായ പെട്ര അഥവാ റോസ് സിറ്റി ജോർദാനിലാണ്. അവശ്വസനീയമായ കെട്ടിടങ്ങൾ, സാംസ്‌കാരിക മ്യൂസിയങ്ങൾ, കോട്ടകൾ, സ്മാരകങ്ങൾ….ജോർദാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ദുബായിൽ നിന്ന് ഫ്‌ളൈറ്റിൽ വെറും മൂന്ന് മണിക്കൂറിൽ ജോർദാനിലെത്താം.
പ്രാഗ്
ക്രിസ്മസ് കാലം ചെലവഴിക്കാൻ പറ്റിയ ഇടമാണ് പ്രാഗ്. പ്രാഗിലെ ക്രിസ്മസ് മാർക്കറ്റുകൾ ഏറെ പ്രശസ്തമാണ്. വഴി നീളെയുള്ള മിന്നും വെളിച്ചത്തിൽ ഹോട്ട് ചോക്ലേറ്റിന്റെ നറുമണം നിറഞ്ഞ അന്തരീക്ഷത്തിൽ മതിമറന്ന് നടക്കാം. ഇത് മാത്രമല്ല, പ്രാഗ് കോട്ടകളും, കൊട്ടാരങ്ങളും, മൃഗശാലയും ഉൾപ്പെടെ കാഴ്ചകൾ നിരവധിയാണ്. ദുബായിൽ നിന്ന് 7 മണിക്കൂർ അകലെയാണ് പ്രാഗ്.
Story Highlights: 6 places to visit from uae winter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here