Advertisement

വനിതാ ഐപിഎലിൻ്റെ കർട്ടൻ റെയ്സർ; ഇന്ത്യ – ഓസ്ട്രേലിയ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ

December 12, 2022
Google News 3 minutes Read
womens ipl india australia

ഇന്നലെ നടന്ന ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടി-20 മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ. പരമ്പരയിലെ രണ്ടാം മത്സരമായ ഇന്നലെ സ്റ്റേഡിയത്തിലെ സീറ്റുകളെല്ലാം നിറഞ്ഞു. ടിക്കറ്റ് തീർന്നു എന്ന ബോർഡ് പുറത്ത് സ്ഥാപിക്കേണ്ടിയും വന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നെങ്കിലും ഒരു വനിതാ ടി-20 മത്സരം കാണാൻ ഇത്രയധികം ആളുകളെത്തിയെന്നത് ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്. (womens ipl india australia)

വനിതാ ഐപിഎലിൻ്റെ അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം വനിതാ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ടെൻഡറുകൾ ബിസിസിഐ ക്ഷണിച്ചിരുന്നു. അഞ്ച് ടീമുകളാണ് ആദ്യ എഡിഷനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം മാർച്ചിൽ വിമൻസ് ഐപിഎലിൻ്റെ ആദ്യ എഡിഷൻ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വനിതാ ക്രിക്കറ്റിന് വളരെ വൈകി മാത്രം കാണികളെ ലഭിച്ചുതുടങ്ങിയ ഇന്ത്യയിൽ ഐപിഎൽ പോലെ ക്രിക്കറ്റും കച്ചവടവും ഒരുമിച്ച് നടക്കുന്ന ഇവൻ്റ് വിജയിക്കണമെങ്കിൽ ഗ്യാലറി നിറയണം. അതിന് ബിസിസിഐ കണ്ട വഴിയായിരുന്നു ഫ്രീ ടിക്കറ്റ്.

Read Also: ഇന്ത്യക്ക് വൻ തിരിച്ചടി; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് പുറത്ത്

നടന്ന രണ്ട് ടി-20 കളും ഹൈ സ്കോറിംഗ് ആയിരുന്നു. അതിനു പറ്റിയ ബാറ്റിംഗ് പിച്ചും ആയിരുന്നു. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. ആദ്യ കളി ഇന്ത്യ മുന്നോട്ടുവച്ച 173 റൺസെന്ന വിജയലക്ഷ്യം ഓസ്ട്രേലിയ അനാസായം മറികടന്നപ്പോൾ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം സൂപ്പർ ഓവറിലൂടെ ഇന്ത്യ മറികടന്നു. വനിതാ ടി-20യിൽ 140-150 എന്ന സ്കോർ തന്നെ ഇന്ത്യയെ സംബന്ധിച്ച് വമ്പൻ സ്കോർ ആയി കണക്കാക്കപ്പെടുന്ന ഒരു കാലത്താണ് രണ്ട് മത്സരങ്ങളിൽ 170 മുകളിൽ ഇന്ത്യ സ്കോർ ചെയ്യുന്നത്. അത് കാണികൾ ആസ്വദിച്ചു. ഗ്യാലറി നിറഞ്ഞു. ഇങ്ങനെയാണ് വനിതകളുടെ കളിയെങ്കിൽ ഐപിഎലിൽ ടിക്കറ്റെടുക്കാമെന്ന് തന്നെ ആരാധകർ കരുതും. ടി-20 എന്നാൽ ബാറ്റിംഗിൻ്റെ ആഘോഷമാണല്ലോ. തത്കാലം സ്പോർട്ടിംഗ് വിക്കറ്റുകളിലോ ബൗളിംഗ് പിച്ചുകളിലോ വനിതാ ഐപിഎൽ നടക്കാനിടയില്ല.

ഏച്ചുകെട്ട്: വനിതാ ടി-20 ഇനിയും ക്രാക്ക് ചെയ്തിട്ടില്ലാത്ത ടീമാണ് ഇന്ത്യ. 160 സ്കോർ ശരാശരി ആയിക്കഴിഞ്ഞ സ്പോർട്ടിൽ ഇന്ത്യ ഇപ്പോഴും അഞ്ച് കൊല്ലം പിന്നിലാണ്. പുതിയ ക്രിക്കറ്റ് സംസ്കാരത്തിൽ സ്മൃതി മന്ദന, ഷഫാലി വർമ, റിച്ച ഛദ്ദ, ജമീമ റോഡ്രിഗസ് എന്നിങ്ങനെ യുവരക്തങ്ങൾ വേഗതയുള്ള കളി കെട്ടഴിക്കുമ്പോൾ പഴയ കാലത്തിൽ പെട്ട ഒരേയൊരാളാണ് ഇപ്പോൾ ടീമിലുള്ളത്. ഹർമൻപ്രീത് കൗർ. ടീമിലെ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റും ഹർമനു തന്നെ. 105. ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സരങ്ങളിലും ഹർമൻ റൺ എ ബോൾ പോലും കളിച്ചില്ല. ആദ്യത്തെ കളി 23 പന്തിൽ 21, രണ്ടാമത്തെ കളി 22 പന്തിൽ 21. സ്മൃതിയും ഷഫാലിയും നൽകിയ എക്സ്പ്ലോസിവ് തുടക്കം മധ്യ ഓവറുകൾ മുതലാക്കാൻ ഇന്ത്യക്ക് കഴിയാതിരുന്നതിനാലാണ് ആദ്യ കളി 200 പ്ലസ് ഉറപ്പിച്ച ഇന്ത്യൻ സ്കോർ 172ൽ ഒതുങ്ങിയത്. രണ്ടാമത്തെ കളി സൂപ്പർ ഓവറിലേക്ക് നീണ്ടതിനും കാരണം ഹർമൻ്റെ മെല്ലെപ്പോക്ക് തന്നെ. മെല്ലെ തുടങ്ങി കരുത്തോടെ അവസാനിപ്പിക്കുന്ന ഹർമൻ്റെ കളി ഇന്ത്യക്ക് ഇനി ഗുണം ചെയ്യാനിടയില്ല. ഹർമനു മുൻപും ശേഷവും എക്സ്പ്ലോസിവ് താരങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവർ കൂടുതൽ പന്തുകൾ കളിക്കണം. ബാറ്റിംഗ് നിര തകരുമ്പോൾ ഹർമൻ്റെ ഇന്നിംഗ്സ് വിലപ്പെട്ടതാവുമെന്നത് നാണയത്തിൻ്റെ മറുവശം.

Story Highlights: womens ipl india australia fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here