Advertisement

പതിനാറാം വയസിൽ അർജന്‍റീനയെ വിറപ്പിച്ച് ബ്രസീലിനായി ​ഗോൾ; 20-ാം വയസിൽ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരം, ഇതിഹാസം രചിച്ച പെലെ

December 30, 2022
Google News 2 minutes Read
Pele first goal against Argentina

പതിനാറാം വയസിൽ 1957 ജൂലൈ ഏഴിനാണ് പെലെ ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടിയിറങ്ങിയത്. തുടക്കകാരന്റെ പരിമതികളില്ലാതെ ആദ്യ കളിയിൽ തന്നെ അർജന്‍റീനയ്ക്കെതിരേ ഗോൾ. പെലെയുടെ ആ ദേശീയ റെക്കോർഡ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല. തൊട്ടു പിന്നാലെ 1958ൽ പതിനേഴാം വയസിൽ ലോകകപ്പ് ഫൈനൽ കളിച്ചു നേടി. ആ റെക്കോർഡും ഇന്നും ഇളകാതെ നിൽക്കുകയാണ് ( Pele first goal against Argentina ).

1962 ലെ ലോകകപ്പ് ആയപ്പോഴേക്ക് ഇരുപത്തിയൊന്നാം വയസിൽ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരമായിരുന്നു പെലെ. രണ്ടാം വട്ടവും കിരീടം ചൂടിയ പെലെക്ക് 66 മോശം ലോകകപ്പായിരുന്നു. പരുക്കും മോശം റഫറീയിങ്ങും മൂലം ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ 1970ൽ രാജ്യത്തിന്‍റെ സമ്മർദത്തിനു വഴങ്ങി. കളത്തിൽ നിന്നു തിരികെ കയറിയത് കപ്പുമായി തന്നെ ആയിരുന്നു. മൂന്നു ലോകകിരീടം നേടുന്ന ഒരേയൊരു താരമാണ്. ഫുട്ബോളിന്‍റെ മാത്രമല്ല കായിക ലോകത്തിന്‍റെ തന്നെ എക്കാലത്തേയും ഇതിഹാസതാരമായിരുന്നു പെലെ. ഗോളെണ്ണത്തിലും കേളീമികവിലും പെലെയെ മറികടക്കുന്ന ആരും മുൻപോ ശേഷമോ ഉണ്ടായിട്ടില്ല.

Read Also: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

പെലെ എന്നാൽ ലോകത്തിന് മഴവില്ലുപോലെ വളഞ്ഞുവരുന്നൊരു പന്താണ്. വർണവെറിയുടേയും വിവേചനത്തിന്‍റെയും ലോകത്ത് മാരിവില്ല് തീർത്ത കേളീമികവിന്‍റെ പേരു കൂടിയാണ് എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ.

വളഞ്ഞുവരുന്നൊരു പന്ത്, അത് ഇടനെഞ്ചിലേറ്റുവാങ്ങി സെക്കൻഡിന്‍റെ പകുതി സമയം കൊണ്ട് വലംകാൽ കൊണ്ട് വലയിലെത്തിക്കുക. ഈ വാചകം പറഞ്ഞുവരാൻ എടുക്കുന്ന സമയത്തിന്‍റെ നാലിലൊന്നുകൊണ്ട് ഗോളടിച്ച് ആഘോഷം തുടങ്ങുന്ന മാന്ത്രികതയേ ആണ് ലോകം പെലേ മാജിക് എന്നു വിളിച്ചത്. കാൽ ഇടത്തും വലത്തും ഒരു പോലെ വഴങ്ങുമെങ്കിലും പന്ത് എന്നും നെഞ്ചിലേറ്റു വാങ്ങിയാണ് എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്ന പേലേക്കു ശീലം.

പ്രതിരോധക്കാർ വളഞ്ഞുനിന്നതുകൊണ്ട് ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന് പെലെ ഒരിക്കലും പറഞ്ഞിട്ടില്ല. വളഞ്ഞു നിന്നവരെ വെട്ടിച്ചുപോകുന്നതിലായിരുന്നു പെലെയുടെ സാഹസികത. അതുകൊണ്ടാണ് 1363 മത്സരങ്ങളിലായി 1297 ഗോളുകൾ പിറന്നത്. കളിക്കൊരു ഗോളിന് തൊട്ടടത്തുവരുന്ന ശരാശരി.

തോമസ് എഡിസൺന്‍റെ പേരാണ് മകന് ഫുട്ബോൾ കളിക്കാരാനായ പിതാവ് ഡോണ്ടിഞ്ഞോ നസിമെന്‍റെ നൽകിയത്. അതു പെലെ ആയി മാറിയത് ഒരു നാവു പിഴയിൽ നിന്നാണ്. വാസ്കോ ക്ലബിലെ ഗോളി ബിലെയുടെ പേര് എഡ്സൺ പറയുമ്പോഴെല്ലാം പെലെ എന്നാകും. കൂട്ടുകാർ അങ്ങനെ ഇരട്ടപ്പേരായി വിളിച്ചു തുടങ്ങിയതാണ്. കാൽപ്പന്തിനൊപ്പം വീണുകിട്ടിയ ആ വിളിപ്പേരും നെഞ്ചിലേറ്റി എഡ്സൺ പെലേയായി. പതിനഞ്ചാം വയസിൽ സാന്‍റോസിൽ. പിന്നെ അതുവരെ കാണാത്ത വേഗവും കുതിപ്പും ലോകം കാണുകയായിരുന്നു.

Story Highlights: Pele first goal against Argentina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here