Advertisement

ഉള്ളില്‍ താലോലിച്ചത് അച്ഛനോടുള്ള പക; വീട്ടിലെ രഹസ്യ ലാബില്‍ വിഷക്കൂട്ടൊരുക്കി

April 4, 2023
Google News 3 minutes Read
Thrissur Saseendran murder son Mayurnath life story crime

അച്ഛനോടുള്ള പക നീറിപ്പുകഞ്ഞ ബാല്യ കൗമാരം. ആരോടും അധികം സംസാരിക്കാത്ത, അധികം പേരോട് ചങ്ങാത്തമില്ലാതെ യൗവനം. പഠിക്കാന്‍ മിടുക്കന്‍. വൈദ്യശാസ്ത്രത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോഴും തന്റെ മുന്നില്‍ വരാനിരിക്കുന്ന രോഗികളുടെ സൗഖ്യം ആയിരുന്നില്ല അവന്റെ മനസ്സില്‍. തന്റെ വീട്ടിലെ പരീക്ഷണശാലയില്‍ അച്ഛനെ കൊല്ലാനുള്ള വിഷക്കൂട്ടിന്റെ ഗവേഷണത്തിലായിരുന്നു അവന്‍. കടലക്കറിയില്‍ വിഷം കലര്‍ത്തി സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ മയൂര്‍നാഥ് ആണ് ആ 25കാരന്‍. (Thrissur Saseendran murder son Mayurnath life story crime)

ഈ യുവാവ് തന്റെ ലാബിലിരുന്ന് സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ വിഷക്കൂട്ടുകള്‍ പരീക്ഷിച്ചുകൊണ്ട് തന്റെ കൗമാരവും യൗവനവും തള്ളി നീക്കിയത് എന്തുകൊണ്ടെന്ന ചോദ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുകയാണ്. വിഷം കൊടുത്ത് അച്ഛനെ കൊന്ന് സ്വയം മരിക്കാനായിരുന്നു മയൂര്‍നാഥിന്റെ പദ്ധതി. ആത്മഹത്യ ചെയ്യാനുള്ള പദ്ധതി ഉപേക്ഷിച്ച് തന്റെ ക്രൂരമായ കൊലപാതകം പൊലീസിനോട് വിവരിക്കുമ്പോഴും മയൂര്‍നാഥിന്റെ വാക്കുകളില്‍ അച്ഛനോടുള്ള കൊടുംപക നിറഞ്ഞുനിന്നിരുന്നു.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. തന്റെ അമ്മയെ വേണ്ട വിധം അച്ഛന്‍ സംരക്ഷിച്ചില്ലെന്നാണ് മയൂര്‍നാഥ് പൊലീസിന് മൊഴി നല്‍കിയത്. ഇതില്‍ കാലങ്ങളായി തനിക്ക് പിതാവിനോട് പകയുണ്ടായിരുന്നു. പിതാവിനോട് മാത്രമായിരുന്നു തന്റെ പക. രണ്ടാനമ്മയോട് സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മയൂര്‍നാഥ് കുട്ടിയായിരിക്കുമ്പോള്‍ ഇയാളുടെ അമ്മ വീടിനടുത്തുള്ള പറമ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ സംശയിച്ചിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹമാണ് അന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. കേസില്‍ മറ്റ് അന്വേഷണങ്ങളൊന്നും നടന്നിരുന്നില്ല.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

പഠിക്കാന്‍ ചെറുപ്പം മുതലേ മിടുക്കനായിരുന്നു മയൂര്‍നാഥ്. സ്വന്തം അധ്വാനം കൊണ്ടുതന്നെ എംബിബിഎസിന് സീറ്റും ലഭിച്ചു. എന്നിരിക്കിലും ആയുര്‍വേദ ഡോക്ടറാകാനായിരുന്നു മയൂര്‍നാഥന്റെ തീരുമാനം. സ്വന്തമായി ഗവേഷണം നടത്തി ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്താന്‍ വീട്ടില്‍ തന്നെ ഒരു ലാബും സ്ഥാപിച്ചു. മയൂര്‍നാഥ് അധികസമയവും ചെലവഴിക്കാറുണ്ടായിരുന്ന ഈ ലാബില്‍ തന്നെയാണ് സ്വന്തം അച്ഛനെ കൊല്ലാനുള്ള വിഷക്കൂട്ട് ഒരുക്കിയത്. ഇതിനുള്ള രാസവസ്തുക്കള്‍ ഘട്ടംഘട്ടമായി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയാണ് മയൂര്‍നാഥ് ശേഖരിച്ചത്.

തനിക്ക് അച്ഛനെ ഒഴിച്ച് മാറ്റാരേയും കൊല്ലേണ്ടതില്ലായിരുന്നുവെന്ന് മയൂര്‍നാഥ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിഷം ചേര്‍ത്ത കടലക്കറി കഴിച്ച് ശശീന്ദ്രനും ഭാര്യയ്ക്കും പുറം പണിയ്ക്ക് വന്ന തൊഴിലാളികള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തൊഴിലാളികളുള്‍പ്പെടെ വിഷം കഴിച്ച് അവശരായപ്പോള്‍ മയൂര്‍നാഥ് ആകെ വിറച്ചുപോയി. ആത്മഹത്യ ചെയ്യാനുള്ള തന്റെ പദ്ധതി ഇതോടെ വിചാരിച്ചതുപോലെ ഇയാള്‍ക്ക് നടപ്പിലാക്കാനും കഴിഞ്ഞില്ല. ഇഡ്ഢലിയും സാമ്പാറും കടലക്കറിയും കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ശശീന്ദ്രന്‍ അല്‍പ സമയത്തിനുള്ളില്‍ രക്തം ഛര്‍ദിച്ചു. മയൂര്‍നാഥ് മാത്രം വീട്ടില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാത്തത് സംശയത്തിന്റെ മുന ഇയാളിലേക്ക് നീളുന്നതിനും കാരണമായി.

Read Also: നിങ്ങളുടെ ചാനലും ഹാക്ക് ചെയ്യപ്പെട്ടേക്കാം; ക്രിയേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്

ഭക്ഷ്യവിഷബാധയാണെങ്കില്‍ രക്തം ഛര്‍ദിക്കേണ്ടതില്ലെന്ന ഡോക്ടര്‍മാരുടെ സംശയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പൊലീസിന്റെ നിഗമനത്തിന് ബലം നല്‍കി. അച്ഛന്‍ മരിച്ച ശേഷം വളരെ പക്വതയോടെയാണ് മരണവീട്ടില്‍ മയൂര്‍നാഥ് ഇടപെട്ടത്. ശശീന്ദ്രന്റെ മൃതദേഹം വിളക്കുവച്ച് നിലത്ത് കിടത്തിയതിന് ശേഷമാണ് മൃതദേഹം തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഫോണ്‍ കോളെത്തുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശശീന്ദ്രന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാകുന്നത്. പോസ്റ്റ്‌മോര്‍ട്ടം വേണ്ട, എന്റെ അച്ഛനല്ലേ കീറി മുറിക്കേണ്ട എന്ന മയൂര്‍നാഥിന്റെ വാക്കുകള്‍ നാട്ടുകാരിലും സംശയങ്ങള്‍ ജനിപ്പിച്ചു. ദൈന്യത പ്രതിഫലിപ്പിക്കുന്ന മുഖത്തോടെ അയാള്‍ മരണവീട്ടിലെ എല്ലാ ചടങ്ങുകളും ഓടിനടന്ന് ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയൂര്‍നാഥ് കുറ്റം സമ്മതിച്ചത്. അച്ഛന്‍ തന്റെ അമ്മയോ നോക്കാത്തതിലുള്ള പക, രണ്ടാമത് കല്യാണം കഴിച്ചതിന്റെ വിരോധം, സ്വത്ത് ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള അമര്‍ഷം എന്നിവയൊക്കെയാണ് തന്നെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് മയൂര്‍നാഥ് പൊലീസിനോട് സമ്മതിച്ചു. അച്ഛനെ താന്‍ വിഷം കൊടുത്ത് കൊന്നത് തന്നെയാണെന്നും അതിനുള്ള ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Story Highlights: Thrissur Saseendran murder son Mayurnath life story crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here