തിഹാർ ജയിലിൽ കഴിഞ്ഞപ്പോൾ തന്നെ കാണാനെത്തിയത് സോണിയാ ഗാന്ധി; വിജയാരവത്തിലും പൊട്ടിക്കരഞ്ഞ് ഡി.കെ.എസ്

കർണാടക തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പൊട്ടിക്കരഞ്ഞ് ഡി.കെ ശിവകുമാർ. 2020ൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോൾ, തിഹാർ ജയിലിൽ തന്നെ കാണാൻ വന്ന സോണിയാ ഗാന്ധിയെ മറക്കാനാവില്ലെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷ അദ്ദേഹം വികാരാധീനനായാണ് സംസാരിച്ചത്. പൂർണമായും തന്നെ വിശ്വാസത്തിലെടുത്ത കോൺഗ്രസ് നേതൃത്വത്തിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ( Karnataka: DK Shivakumar gets emotional as he recalls Sonia Gandhi’s jail meeting ).
“ഞാൻ കർണാടകയിലെ ഭരണം തിരികെ പിടിക്കുമെന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ഉറപ്പ് നൽകിയിരുന്നു. ജയിലിൽ വെച്ച് സോണിയാ ഗാന്ധി എന്നെ കാണാൻ വന്നത് എനിക്ക് മറക്കാൻ കഴിയില്ല,” ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർണാടകയിലെ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് വലിയ പ്രചോദനമാകും.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തനിക്കെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നിലനിൽക്കില്ലെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് തനിക്കെതിരെ കേസുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
Read Also:കർണാടകയിൽ തോറ്റത് മോദി, ജനം തഴഞ്ഞു; ജയ്‌റാം രമേശ്
ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന കർണാടകയിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു കാര്യം വ്യക്തമായി. ലിംഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺഗ്രസിലെത്തിയെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇതിന് പുറമേ വൊക്കലിംഗ വോട്ടും മുസ്ലിം ദളിത് ന്യൂനപക്ഷ വോട്ടുകളും അപ്പാടെ കോൺഗ്രസിലെത്തിയെന്നാണ് വിലയിരുത്തൽ.
ആരാണ് ബിജെപിക്കെതിരെ ശക്തരാകുന്നത്, അവർക്ക് വോട്ട് ചെയ്യുകയെന്ന ന്യൂന പക്ഷങ്ങളുടെ രീതി കർണാടകയിൽ തീവ്രമാകുന്ന കാഴ്ച്ചയാണ് കണ്ടത്. തീരദേശ മേഖല ഉൾപ്പെട്ട ദക്ഷിണ കന്നഡയിൽ ബിജെപിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. സംഘടനാ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നയിച്ച കോൺഗ്രസ് വിജയത്തിലേക്ക് മുന്നേറുന്നതോടെ കർണാടകയിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിയെന്ന് വ്യക്തമാണ്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും.
കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് ഉറപ്പായും പറയാം. മോദിയുടെ റോഡ് ഷോ ഉൾപ്പടെ വലിയ പ്രചാരണമായിരുന്നു ബിജെപി കർണാടകയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വലിയ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.
നിലവിൽ കോൺഗ്രസ് 136 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റുകളിലും ജെഡിഎസ് 19 സീറ്റുകളിലും മുന്നിലാണ്. മോദിയുടെ ഏഴ് ദിവസത്തെ പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും വൻ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. എന്നാൽ ഫലം വന്നതോടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. മഴ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോഡ് മാർഗമായിരുന്നു മോദി കർണാടകയിൽ പ്രചാരണത്തിന് എത്തിയത്. ബിജെപിയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. മുംബൈ കർണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോൺഗ്രസ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നു.
അതേസമയം ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു.
മുൻ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ കോൺഗ്രസ് നല്ല മുന്നേറ്റമുണ്ടാക്കിയതോടെ ജെഡിഎസിന്റെ പ്രസക്തി നഷ്ടമായി. കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപ്പൂരിൽ പോയത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടെന്ന് വാർത്തകൾ കൂടി വന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയും ഏറെ ചർച്ചയായത്. ഇന്ന് രാവിലെ സിങ്കപ്പൂരിൽ നിന്ന് കുമാരസ്വാമി ബാംഗ്ലൂരിൽ തിരിച്ചെത്തിയിരുന്നു.
Story Highlights: Karnataka: DK Shivakumar gets emotional as he recalls Sonia Gandhi’s jail meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here