കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ; പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു
ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉള്ളതായി ഡിഐജി. കുട്ടിയുടെ കഴുത്തിലടക്കം മുറിവുകളുണ്ട്. നിലവിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളു.
അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ട്വന്റിഫോറിനോട് പറഞ്ഞു. മനുഷ്യമനസ്സിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇടപെടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സി വിജയകുമാർ വ്യക്തമാക്കി.
ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: Aluva missing case child’s body injuries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here