Advertisement

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387; കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെപ്പേരെ

August 5, 2024
Google News 1 minute Read

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. തെരച്ചിൽ ഇന്നും തുടരും.

റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍റെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച മേഖലയില്‍ ഇന്ന് പ്രത്യേകം തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് തിരച്ചിലിന് പോകുന്നവരുടെ എണ്ണം ആയിരത്തി അഞ്ഞൂറായി നിയന്ത്രിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്നലെ പുത്തുമലയില്‍ കൂട്ടത്തോടെ സംസ്കരിച്ചിരുന്നു. തിരിച്ചറിയാത്ത ബാക്കി മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും.

കാണാതായവര്‍ക്കായി ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത ദിശകളില്‍ ആ‍ഴത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജന്‍. 31 മൃതദേഹങ്ങളും 158 മൃതദേഹ ഭാഗങ്ങളും ഇന്ന് സംസ്കരിക്കും. സംസ്കാരത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്നും റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്കാര ചടങ്ങുകള്‍ വൈകിട്ട് മൂന്ന് മണിമുതല്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

160 ശരീര ഭാ​ഗങ്ങളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആന്തരിക അവയവങ്ങൾ ഉൾപ്പെടെയാണ് ലഭിച്ചത്. ഒരുമിച്ച് സംസ്‌കരിക്കാന്‍ കഴിയില്ല. ഓരോ ശരീരഭാഗങ്ങളും പ്രത്യേകം സംസ്‌കരിക്കും. ഡിഎന്‍എ നമ്പര്‍ നല്‍കും. നാല് മണിക്ക് സംസ്‌കാരം ചടങ്ങുകള്‍ ആരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താമസമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളം അതിജീവിക്കുമെന്നും അതുറപ്പാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

Story Highlights : search for missing persons in wayanad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here