Advertisement

വയനാട് പുനഃരധിവാസം; കേളി ഒരു കോടി രൂപ നൽകും

August 8, 2024
Google News 2 minutes Read
wayanad disaster keli will give 1 crore

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ കേളി കലാസാംസ്കാരിക വേദി ഒരു കോടി രൂപ സമാഹരിച്ചു നൽകും. കേരള സർക്കാരിനൊപ്പം കൈകോർത്ത് സർക്കാരിന്റെ പുനഃരധിവാസ പദ്ധതിയിൽ ഭഗവാക്കാകുന്നതിന്റെ ഭാഗമായാണ്‌ ഇതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവൻ മെമ്പർമാരും ഈ ഉദ്യമത്തിൽ പങ്കാളികളാകും. കൂടാതെ റിയാദിലെ പൊതു സമൂഹത്തിനും ധന സമാഹാരണത്തിൽ പങ്കാളികളാകാം. (wayanad disaster keli will give 1 crore)

കേളിയുടെ ‘സ്നേഹസ്പർശം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇതുവരെ 341 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂർണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. 180 ൽ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട് . ദുരന്തം നടന്ന രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്തുനിന്നും ആദ്യമായി കേളി പത്ത് ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്‌തിരുന്നു.

Read Also: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്‌ച ദുരന്ത മേഖല സന്ദർശിക്കും

ദുരന്തത്തില്‍ സകലതും നഷ്‌ടമായവർക്കായി വിപുലമായ പുനഃരധിവാസ പാക്കേജ്‌ തയ്യാറാക്കുമെന്നും, പൂർണ്ണമായും തകർന്നു പോയ ജനവാസ മേഖലയ്‌ക്ക്‌ പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ് നിർമിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌ എന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ ഈ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമത്തിൽ പ്രവാസ ലോകത്തുനിന്നും നമ്മളാൽ കഴിയാവുന്നതിന്റെ പരമാവതി ചെയ്യാൻ കേളി രംഗത്തുണ്ടാവും. രണ്ടായിരത്തിലധികം പേരെയാണ്‌ ദുരന്തമുഖത്ത് നിന്നും രക്ഷാപ്രവർത്തകർ കൈപിടിച്ചുകയറ്റിയത്‌. മുൻ കാലങ്ങളിലെ പ്രളയവും മഹാമാരിയും, പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷാ പ്രവർത്തനത്തിന്റെ ഏകോപനത്തിന് വഴി കാട്ടി. മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു. രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട ഒരോരുത്തരേയും കേളി അഭിനന്ദിക്കുന്നു.അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക്‌ ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും കേളി അഭ്യർത്ഥിച്ചു.

2018-19 ൽ കേരളം നേരിട്ട മഹാ പ്രളയത്തിൽ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി അര കോടി രൂപയാണ് കേളി നൽകിയത്. കൂടാതെ കേളി പ്രവർത്തകർ വ്യക്തിപരമായും സഹായങ്ങൾ നൽകി. കൊറോണ മഹാമാരിയിൽ കേരളത്തിലെ ജനങ്ങൾക് സൗജന്യ വാക്‌സിൻ നൽകാനുള്ള തീരുമാനം കേരള സർക്കാർ കൈകൊണ്ടവേളയിലും കേളി വാക്‌സിൻ ചലഞ്ച് ഏറ്റെടുക്കുകയും 23,42,374 രൂപ സർക്കാരിന് കൈമാറുകയും ചെയ്‌തിരുന്നു.കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം,കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് , കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Story Highlights : wayanad disaster keli will give 1 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here