ഹസീനയെ ഇന്ത്യക്ക് പുറത്തുചാടിക്കാന്‍ ശ്രമം തുടങ്ങി ബംഗ്ലാദേശ്; മുന്‍പ്രധാനമന്ത്രിക്ക് പിന്നാലെ കൂടുന്നത് അവര്‍ തന്നെ സ്ഥാപിച്ച അന്വേഷണ ഏജന്‍സി
1971-ല്‍ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകാന്‍ നടന്ന സമരകാലത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരിക്കെ 2010-ല്‍ ഷെയഖ് ഹസീന സ്ഥാപിച്ച അന്വേഷണ ഏജന്‍സിയാണ് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ അഥവ ഐസിടി. ഇതേ ഏജന്‍സി ഇപ്പോള്‍ ഷെയ്ഖ് ഹസീനയെ തപ്പിയിറങ്ങിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ നടന്ന ബഹുജന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന ഹസീനയെ തിരികെ ബംഗ്ലാദേശിലേക്ക് എത്തിക്കാനുള്ള നയതന്ത്ര നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ഐസിടി.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിദ്യാര്‍ഥികള്‍ അടക്കം പങ്കെടുത്ത ബഹുജന പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദിയായതിനാല്‍ വിചാരണ നേരിടാന്‍ ബംഗ്ലാദേശിലേക്ക് ഹസീനയെ തിരികെ എത്തിക്കണമെന്നാണ് ഐസിടി അധികാരികള്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ഇതിനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി ബോഡി ചീഫ് പ്രോസിക്യൂട്ടര്‍ ഞായറാഴ്ച അറിയിച്ചിരുന്നു.
ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും ഒടുവില്‍ ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന ഒരു സൈനിക ഹെലികോപ്റ്ററില്‍ പലായനം ചെയ്ത് അഭയത്തിനായി ന്യൂഡല്‍ഹിക്കടുത്തുള്ള ഒരു എയര്‍ബേസില്‍ ലാന്‍ഡ് ചെയ്തത്. എന്നാല്‍ ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം ക്രമേണ വഷളായി തുടങ്ങുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ഹസീനയെ പുറത്താക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ആ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യത. നയതന്ത്ര തര്‍ക്കം വര്‍ഷങ്ങളോളം നീളാനും സാധ്യതയുണ്ട്.
Read Also: ലോണ്‍ ആപ് കെണിയില്‍ കുടുങ്ങി ഫിലിപ്പീന്‍സിലെ ജനങ്ങള്‍; വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഭീഷണിയും കേസും
അതേ സമയം ഷെയ്ഖ് ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് മേല്‍നോട്ടം വഹിച്ചതിന്റെ പങ്കാണ് അന്വേഷിക്കുന്നതെന്ന് ഐസിടി ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു. ”പ്രധാന കുറ്റവാളി രാജ്യം വിട്ടുപോയതിനാല്‍, അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള നിയമനടപടികള്‍ ഞങ്ങള്‍ ആരംഭിക്കും”. -താജുല്‍ ഇസ്ലാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, 2013-ല്‍ ഇന്ത്യയും ബംഗ്ലാദേശും കുറ്റവാളികളെ പരസ്പരം കൈമാറണമെന്ന ഉടമ്പടി നിലവില്‍ വന്നതായും ഈ ഉടമ്പടി പ്രകാരമായിരിക്കും ഇന്ത്യയോട് ഹസീനയെ കൈമാറാന്‍ ആവശ്യപ്പെടുകയെന്നും ഇസ്ലാം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ കൂട്ടക്കൊലകളിലെ മുഖ്യപ്രതിയായി ഷെയ്ഖ് ഹസീന മാറിയതിനാല്‍ നയതന്ത്ര നീക്കം ശക്തമാക്കി അവരെ രാജ്യത്തെത്തിക്കാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.
Read Also: അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്‌ട്രേലിയ; അപകടം നടന്നത് 1969-ല്‍
രാഷ്ട്രീയ എതിരാളികളെ കൂട്ടമായി തടങ്കലിലാക്കിയത് ഉള്‍പ്പെടെ നിരവധി മനുഷ്യവകാശ ലംഘനങ്ങള്‍ ആരോപിച്ച് ആഴ്ചകളോളമാണ് വിദ്യാര്‍ത്ഥികളടക്കം തെരുവിലിറങ്ങി ഹസീനക്കെതിരെ സമരം നടത്തിയത്. സംഭവം ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങിയതോടെയാണ് ഹസീനയുടെ സര്‍ക്കാര്‍ തകര്‍ന്നതും പ്രധാനമന്ത്രിക്ക് രാജ്യത്ത് നിന്ന് രക്ഷപ്പെടേണ്ടി വന്നതും. നൂറുകണക്കിന് പേര്‍ക്ക് ജീവഹാനി സംഭവിച്ച അക്രമ സമരങ്ങള്‍ക്കൊടുവില്‍ രാജ്യം ശാന്തമായിരിക്കെയാണ് മുന്‍പ്രധാനമന്ത്രിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് ബംഗ്ലാദേശ് തുടക്കം കുറിച്ചിരിക്കുന്നത്.
Story Highlights : Investigation agency to bring Sheikh Hasina to Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here