പ്രിയങ്കയുടെ വൈകാരിക പ്രസംഗം, സത്യന് മൊകേരിയുടെ കിറ്റ് ആരോപണം, ബിജെപിയുടെ അഡ്ജസ്റ്റ്മെന്റ് വിവാദം; സംഭവ ബഹുലവും ആവേശക്കാഴ്ചയുമായി വയനാട്ടിലെ കൊട്ടിക്കലാശം
തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി വയനാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ചു. വാശിയേറിയ പരസ്യ പ്രചരണത്തിനാണ് വയനാട്ടില്‍ തിരശീല വീണത്. മറ്റന്നാള്‍ വയനാട് പോളിംഗ് ബൂത്തിലെത്തും. വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. പതിഞ്ഞ താളത്തില്‍ തുടങ്ങിയ പ്രചാരണം അവസാന മണിക്കൂറുകളില്‍ ആവേശക്കൊടുമുടി കയറി. (wayanad kottikalasham priyanka gandhi sathyan mokeri navya haridas)
വയനാടിനെ ആവേശത്തിലാക്കി വൈകാരിക പ്രസംഗവുമായാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയത്. മാനന്തവാടിയിലെ റോഡ് ഷോയില്‍ ജനസാഗരത്തെ അഭിസംബോധന ചെയ്തായിരുന്നു ഇരുവരുടേയും പ്രസംഗം. തന്നെ ജയിപ്പിച്ചാല്‍ വയനാട് പോലൊരു പ്രദേശത്തെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്. വളരെ സുന്ദരമായ ഈ പ്രദേശത്തെ പരസ്പര സ്നേഹവും സാഹോദര്യവും ആന്തരിക ചൈതന്യത്തിന്റെ സൗന്ദര്യവും കണ്ട് തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. സുഖദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ചുതുടങ്ങുകയാണെന്നും പ്രിയങ്ക പറഞ്ഞു. മലയാളം പഠിക്കുമെന്ന് പറഞ്ഞ പ്രിയങ്ക താന്‍ പുതിയതായി പഠിച്ച മലയാള വാക്യം അഭിമാനത്തോടെ പറഞ്ഞു. ഞാന്‍ ഉടനെ തിരിച്ചുവരുമെന്ന് പ്രിയങ്ക മലയാളത്തില്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരും വയനാട്ടുകാരും വന്‍ കരഘോഷത്തോടെ അതിനെ സ്വീകരിച്ചു.
വയനാട്ടില്‍ ആവേശോജ്വലമായ കലാശക്കൊട്ടിനിടെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി. കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ വയനാട്ടില്‍ കോണ്‍ഗ്രസ് പണമൊഴുക്കുന്നുവെന്നാണ് സത്യന് മൊകേരിയുടെ ആരോപണം. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യക്കിറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്യാമെന്ന് കരുതിയത് തെരഞ്ഞെടുപ്പ് നേട്ടത്തിനായാണെന്നും അതിനാലാണ് കിറ്റില്‍ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ പതിപ്പിച്ചതെന്നും സത്യന് മൊകേരി വിമര്‍ശിച്ചു.
യുഡിഎഫ്എല്‍ഡിഎഫ് മത്സരം അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണം ഉന്നയിച്ചായിരുന്നു എന്‍ഡിഎ പ്രചാരണത്തുടക്കം. നവ്യാഹരിദാസിലൂടെ വയനാട്ടില്‍ വോട്ടുവിഹിതം ഉയര്‍ത്താമെന്ന് ബിജെപി പ്രതീക്ഷ. പ്രിയങ്കാ ഗാന്ധിയോടുള്ള മത്സരമായതിനാല്‍ ബിജെപി കേന്ദ്രനേതൃത്വത്തിനും വയനാട്ടിലെ വോട്ട് നിര്‍ണായകം. സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു എന്‍ഡിഎയുടെ കൊട്ടിക്കലാശം.
Story Highlights : wayanad kottikalasham priyanka gandhi sathyan mokeri navya haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here