വയനാട് ഉരുൾപൊട്ടൽ, ദേശീയ ദുരന്തമല്ല, 388 കോടി നൽകി: കേന്ദ്രം
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. 2024-2025 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 388 കോടി നൽകിയെന്ന് നിത്യാനന്ദ റായ് പറഞ്ഞു. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിന്നുള്ളതാണ്.
ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നൽകിയിരുന്നു. 2024 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിൻ്റെ എസ് ഡി ആർ എഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിൻ്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.
സംസ്ഥാനം നിവേദനം നൽകും മുമ്പേ കേന്ദ്രം വയനാട്ടിലെത്തി. ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിൻതുണ നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഡൽഹിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കെ വി തോമസ് കത്ത് നൽകിയിരുന്നത്. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്.
Story Highlights : wayanad landslide cant announced as national disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here