പത്താം ക്ലാസ് പരീക്ഷ എഴുതാതെ മത്സരങ്ങളും തയാറെടുപ്പും; 18-ാം വയസിൽ ലോക കിരീടം ചൂടി ഗുകേഷ്; ലോക ചെസിൽ ഇന്ത്യയുടെ ‘കരു’ത്തൻ
വിശ്വനാഥൻ ആനന്ദ് 2000 ത്തിൽ ഫിഡെ ലോക ചെസ് ചാമ്പ്യൻ ആയപ്പോൾ ദൊമ്മരാജു ഗുകേഷ് ജനിച്ചിട്ടില്ല. 2013ൽ ചെന്നൈയിൽ വിശ്വനാഥൻ ആനന്ദ് മാഗ്ന സ് കാൾസനോട് പരാജയപ്പെട്ട് ലോക കിരീടം കൈവിടുമ്പോൾ കൊച്ചു കുട്ടിയായിരുന്നെങ്കിലും ഗുകേഷ് മത്സരം കാണാൻ ഉണ്ടായിരുന്നു. തൻ്റെ ഏഴാം വയസ്സിൽ ഇന്ത്യക്കാരനായ ലോക ചാമ്പ്യൻ്റെ പരാജയം കണ്ട ഗുകേഷ് പതിനെട്ടാം വയസ്സിൽ ലോക കിരീടം ശിരസിലേറ്റി. അഥവാ ലോക ചെസ്സിലെ പതിനെട്ടാമത്തെ ചാമ്പ്യനായി. അതും ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാമ്പ്യൻ. തൻ്റെ നാട്ടുകാരൻ തന്നെയായ വിശ്വനാഥൻ ആനന്ദ് അഞ്ചു തവണ ലോക ചാംപ്യൻ ആയിരുന്നു (2000, 07, 08, 10, 12 ) എന്ന കാര്യം ഗുകേഷ് മനസ്സിലാക്കിയതു തന്നെ വൈകിയായിരിക്കണം.
1987 ൽ ആനന്ദ് ലോക ജൂനിയർ കിരീടം ചൂടിയപ്പോൾ ഇന്ത്യൻ ചെസിൽ പുതുയുഗപ്പിറവിയായിരുന്നു. അതേ വർഷം ആനന്ദ് ഇന്ത്യയുടെ പ്രഥമ ഗ്രാൻഡ് മാസ്റ്ററുമായി.1961 ൽ മാനുവൽ ആരോനിലൂടെ പ്രഥമ ഇൻ്റർനാഷനൽ മാസ്റ്ററെയും 1979ൽ ജയശ്രീ ഖാദിൽക്കറിലൂടെ ആദ്യത്തെ ഇൻ്റർനാഷനൽ വുമൺ മാസ്റ്ററെയും ലഭിച്ച രാജ്യത്ത് ഗ്രാൻഡ് മാസ്റ്റർ പിറവി ഒരു ചെസ് വിപ്ലവത്തിൻ്റെ തുടക്കമായി. 2000 ത്തിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നത് മൂന്നു ഗ്രാൻഡ് മാസ്റ്റർമാർ മാത്രം. ആനന്ദിനെ തുടർന്ന് 1991 ൽ ദിബേന്ദു ബറുവയും 1997ൽ പ്രവീൺ തിപ്സെയും ഗ്രാൻഡ് മാസ്റ്റർമാരായി. പിന്നെ കണ്ടത് ഗ്രാൻഡ് മാസ്റ്റർമാരുടെ നീണ്ട നിരയാണ്. ചെസിലെ കളങ്ങളുടെ എണ്ണവും കഴിഞ്ഞ് അത് മുന്നോട്ടു പോയി. ഈ വർഷം തമിഴ്നാടിൻ്റെ പി.ശ്യാംനിഖിലിലൂടെ ഇന്ത്യയുടെ എൺപത്തഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ പിറന്നു. അതിൽ മൂന്നു വനിതകളും ഇടം കണ്ടെത്തി. കൊനേരു ഹംപി 2002 ൽ ഗ്രാൻഡ് മാസ്റ്റർ ആയി. ആർ. വൈശാലിയായിരുന്നു എൺപത്തിനാലാമത്തെ ഗ്രാൻഡ് മാസ്റ്റർ.
Read Also: ചരിത്ര നിമിഷം; ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ഡിങ് ലിറനെ തോൽപ്പിച്ചു
124 ഇൻറർ നാഷനൽ മാസ്റ്റർമാരും 23 വുമൺ ഗ്രാൻഡ് മാസ്റ്റർമാരും 42 ഇൻ്റർനാഷനൽ വുമൺ മാസ്റ്റർമാരും വേറെ. ഒപ്പം തമിഴ്നാട് ഇന്ത്യയുടെ ചെസ് തലസ്ഥാനമായി മാറി. ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണം. ലോക ചാംപ്യനെ നേരിടാനുളള താരത്തെ തിരഞ്ഞെടുക്കുന്ന കാൻഡിഡേറ്റ്സ് ചെസിൽ പുരുഷ വിഭാഗത്തിൽ മൂന്നും വനിതാ വിഭാഗത്തിൽ രണ്ടും ഇന്ത്യക്കാരാണു പങ്കെടുത്തത്. ഗുകേഷിനു പുറമെ പുരുഷ വിഭാഗത്തിൽ ആർ.പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും വനിതാ വിഭാഗത്തിൽ വൈശാലിയും കൊനേരു ഹംപിയും മത്സരിച്ചു. അതും കഴിഞ്ഞപ്പോൾ അർജുൻ എരിഗാസി 2800 ഈലോ പോയിൻ്റ് പിന്നിട്ടു. ആനന്ദിനു ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ. ഇതിനു മുമ്പ് ആകെ 15 പേർക്കു മാത്രമാണ് ഈ സൂപ്പർ നേട്ടം സാധ്യമായത്.
മത്സരങ്ങളും തയാറെടുപ്പുമായി ഗുകേഷ് സമയമേറെ ചെലവിട്ടപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതിയില്ല. ചെന്നൈ അയനമ്പാക്കത്തെ വേലമ്മാൾ സ്കൂളിലെ വിദ്യാർഥി ഇനി ലോക ചെസ് ചാമ്പ്യൻ എന്ന ലേബലുമായിട്ടായിരിക്കും ഇനി പത്താം ക്ലാസ് പരീക്ഷ എഴുതുക. ഗുകേഷിൻ്റെ പിന്നാലെ സ്കൂൾ, കോളജ് വിദ്യാർഥികളായ എത്രയോ കൗമാര താരങ്ങൾ ഭാവി വാഗ്ദാനങ്ങളായുണ്ട്. പലരും ഗ്രാൻഡ് മാസ്റ്റർമാർ. ജൂനിയർ തലത്തിൽ ലോക ചാമ്പ്യൻഷിപ് നേടിയവരും എത്രയോയുണ്ട്. ടീം ഇനത്തിൽ ഇന്ത്യ ഓപ്പൺ വിഭാഗത്തിൽ അമേരിക്കയ്ക്കും വനിതാ വിഭാഗത്തിൽ ചൈനയ്ക്കും പിന്നിൽ രണ്ടാമതാണ്. ഇനി ഒന്നാം റാങ്ക് ലക്ഷ്യമിടാം.
Story Highlights : D Gukesh becomes youngest World Chess Champion India’s Progress in Chess World
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




