ദുൽഖറുമായുള്ള ചിത്രം ഓതിരം കടകമല്ല ; സൗബിൻ ഷാഹിർ

ദുൽഖർ സൽമാനെ നായകനാക്കി താൻ ഉടൻ ഒരു ചിത്രം സംവിധാനം ചെയ്യും, എന്നാൽ അത് ഇതിനുമുൻപ് പ്രഖ്യാപിച്ച ഓതിരം കടകം ആയിരിക്കില്ല എന്ന് സൗബിൻ ഷാഹിർ. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് സൗബിൻ ഷാഹിറിന്റെ വെളിപ്പെടുത്തൽ.
‘ഓതിരം കടകം തത്കാലം ഇല്ല, സ്ക്രിപ്റ്റ് മാറിയിട്ടുണ്ട്. പകരം മറ്റൊരു പടം ആണ് ആലോചനയിലുള്ളത്. താൻ ആറ് മാസമായി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനിയും ഒരു മാസം ചിത്രീകരണമുണ്ട്. അതിനു ശേഷം ഈ വർഷം തന്നെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭം ആരംഭിക്കും’.

ചിത്രം മലയാളിയായ സൂപ്പർക്രോസ്സ് ബൈക്ക് റേസിംഗ് ചാമ്പ്യൻ സി.ഡി ജിനന്റെ ജീവിതത്തെ ആസ്പദമാക്കിയാവുമെന്ന് സിനിമ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഒരു മോട്ടോർ ക്രോസ്സ് റൈഡറുടെ വേഷം ചെയ്തത്.
സൗബിൻ ഷാഹിർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ പറവയിൽ ദുൽഖർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം വലിയ വിജയം നേടുകയും ചെയ്തതിനു പിറകെ ഓതിരം കടകം എന്ന പേരിൽ ഒരു ദുൽഖറിനൊപ്പം ‘ഓതിരം കടകം’ എന്നൊരു ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. ഒപ്പം ചിത്രത്തിന്റേതായി പങ്കു വെച്ച കോൺസെപ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

Story Highlights :ദുൽഖറുമായുള്ള ചിത്രം ഓതിരം കടകമല്ല ; സൗബിൻ ഷാഹിർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here