കഴിഞ്ഞ 78 വർഷം സുരേഷ് ഗോപിയുടെ വിഭാഗത്തിലുള്ളവർ ഭരിച്ചിട്ടും എന്തുകൊണ്ട് മാറ്റമുണ്ടായില്ല?, പ്രസ്താവന കോടിക്കണക്കിന് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം; കെ രാധാകൃഷ്ണൻ എം പി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശം ഭരണഘടന ലംഘനമെന്ന് കെ രാധാകൃഷ്ണൻ എം പി. ഭരണഘടന പറയുന്നത് എല്ലാ പൗരന്മാരും തുല്യരാണെന്നാണ് ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിരിക്കുന്നത്. ഇത് കോടിക്കണക്കിന് വരുന്ന ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ രാധാകൃഷ്ണൻ എം പി ട്വന്റി ഫോറിനോട് പറഞ്ഞു.
ഉന്നത കുലജാതൻ ഭരിക്കണം എന്നുള്ളത് തന്നെ തെറ്റായ കാഴ്ചപ്പാട്. കഴിഞ്ഞ 78 വർഷവും സുരേഷ് ഗോപിയുടെ വിഭാഗത്തിൽ വരുന്നവർ ഭരിച്ചിട്ടും എന്തുകൊണ്ട് മാറ്റമുണ്ടായില്ല.സുരേഷ് ഗോപിയുടെ പരാമർശം രാഷ്ട്രപതിയെ അവഹേളിക്കുന്നത്. സോണിയ ഗാന്ധിയുടെ പരാമർശത്തിൽ പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. അതിനേക്കാൾ മോശപ്പെട്ട പരാമർശമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായത്.
അദ്ദേഹം മന്ത്രിയാകുന്നതിൽ തെറ്റില്ല, ഉന്നത കുലജാതൻ എന്ന കാഴ്ചപ്പാടാണ് തെറ്റ്.
ആസ്ഥാനത്തുനിന്നും പറയാൻ പാടില്ലാത്ത പരാമർശമായിരുന്നു. അദ്ദേഹത്തിന് ഏതു വകുപ്പ് വേണമെന്ന് തീരുമാനിച്ച ആ പാർട്ടിയോടാണ് അത് പറയേണ്ടത്. അല്ലാതെ നാട്ടുകാരോട് നടന്നു പറയുകയല്ല വേണ്ടതെന്നും എം പി വിമർശിച്ചു.
Read Also: ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാൾ ഭരിച്ചത്; എന്നിട്ട് ആദിവാസികൾക്ക് എന്ത് ഗുണമുണ്ടായി, സി കെ ജാനു
സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണം.വിഷയത്തിൽ ഇടതുപക്ഷം ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയാണെന്നും ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇന്ത്യയുടെ ശാപം എന്ന പ്രസ്താവന ഇപ്പോഴും ശരിവെക്കുന്നതാണ് സുരേഷ് ഗോപിയുടെ പരാമർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശം തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. കേന്ദ്രത്തിലുള്ളവർ വലിയആളുകളും മറ്റെല്ലാവരും ഭിക്ഷതേടി വരണം എന്ന കാഴ്ചപ്പാടാണ് മാറ്റേണ്ടത്. ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്റെ കുറവായി കാണുന്ന സമീപനം തെറ്റ്. കേരളത്തിന് അർഹതപ്പെട്ടത് കൊടുക്കണമെന്നാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : K Radhakrishnan MP says union minister sureshgopi’s statement is unconstitutional
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here