മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; പ്രകടനമില്ലെങ്കിൽ ആനുകൂല്യമില്ല

ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കൂട്ടപ്പിരിച്ചുവിടലുകൾ ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാത്ത ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിനെത്തുടർന്ന് മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങി. [Microsoft]
ജോലിയിൽ ഏറ്റവും കുറഞ്ഞ പ്രകടന നിലവാരവും പ്രതീക്ഷകളും നിറവേറ്റാത്തതിനാലാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്നതെന്ന് കത്തിൽ പറയുന്നുണ്ട്. ഈ കത്ത് ലഭിച്ചവരെല്ലാം ഉടൻതന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെടും. കത്ത് ലഭിച്ചവർക്ക് ഏത് നിമിഷവും മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകൾ, അക്കൗണ്ടുകൾ, കെട്ടിടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും നഷ്ടമാകും.
Read Also: ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്
പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് കമ്പനിയിൽ നിന്ന് ലഭിക്കുന്ന ഒരു ആനുകൂല്യങ്ങളും ലഭിക്കുകയില്ലെന്ന് ജീവനക്കാർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. പിരിച്ചുവിടപ്പെട്ടവർ ഭാവിയിൽ മൈക്രോസോഫ്റ്റിൽ ജോലിക്ക് അപേക്ഷിച്ചാൽ അവരുടെ മുൻ പ്രകടനങ്ങൾ വിലയിരുത്തിയാകും നിയമനം ഉണ്ടാകുക.
കമ്പനിയുടെ കാർഡുകൾ, മൈക്രോസോഫ്റ്റ് ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ ഉൾപ്പെടെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും തിരികെ നൽകണമെന്നും ജീവനക്കരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചവർ പിരിഞ്ഞു പോകുമ്പോൾ യാതൊരു വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുകയില്ലയെന്ന് കമ്പനി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
Story Highlights : Microsoft fires underperforming employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here