Advertisement

‘കേരളത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം’; കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

February 2, 2025
Google News 2 minutes Read
m v g

ബജറ്റില്‍ കേരളത്തിന് വിഹിതം അനുവദിക്കാത്തതിനെ പരിഹസിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തം. കേരളത്തെ ദരിദ്രമാക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ബിജെപി കേരള വിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

കേരളം പിടിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടും നടക്കാത്തത് കൊണ്ട് കേരളത്തെ പൂര്‍ണമായും ദരിദ്രമാക്കുക എന്ന നിലപാടാണ് കേന്ദ്ര മന്ത്രിമാരും കേന്ദ്ര ഗവണ്‍മെന്റ് ആകെയും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജോര്‍ജ് കുര്യന്റെ പ്രസ്താവന ആ തരത്തില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളവിരുദ്ധ നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും കേരള വിരുദ്ധ നിലപാട്. ഒരു തരത്തിലും കേരളത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല എന്നാണ് നിലപാട്. ഒരു ദരിദ്ര കേരളമായി മാറണമെന്നാണ് ബിജെപി ലക്ഷ്യം. ബിജെപി നേതാക്കളെ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.

Read Also: ‘മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും’; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

ജനിച്ചു വളര്‍ന്ന നാടിനോടും മൂന്നരക്കോടി മലയാളികളോടും അശേഷം സ്‌നേഹമില്ലാത്തൊരു പാര്‍ട്ടിയാണ് ബിജെപി എന്നത് ജോര്‍ജ് കുര്യന്റെ പ്രസ്താവനയോടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ നീതി ലഭ്യമാകണം. കേരളം തകര്‍ന്നാല്‍ സഹായിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുമോ? ജോര്‍ജ്ജ് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണം ഉണ്ടാകണം. ബി ജെ പി കേരള വിരുദ്ധ പാര്‍ട്ടിയായി മാറി – ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പരാമര്‍ശം കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള മോഡല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇതില്‍ നിന്നെല്ലാം പിറകിലേക്ക് പോകണം എന്നതിന് തുല്യമാണ് ഇത്. അദ്ദേഹം സമൂഹത്തോട് മാപ്പ് പറയാന്‍ തയാറാകണം. കേരളത്തെ നിരോധിക്കുന്ന ബജറ്റാണെന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ തന്നെ കേരളത്തെ അപമാനിക്കുന്ന ഒരു പ്രസ്താവന കൂടി നടത്തുകയാണ് – അദ്ദേഹം വ്യക്തമാക്കി.

കേരളം പിന്നാക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാല്‍, കൂടുതല്‍ സഹായം ലഭിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇന്നലത്തെ പ്രതികരണം. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായം ആദ്യം നല്‍കുന്നത്. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ. അപ്പോള്‍ സഹായം കിട്ടും.റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാല്‍ തരാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളില്‍ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോള്‍ കമ്മീഷന്‍ പരിശോധിച്ചു കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്രമന്ത്രി പരാമര്‍ശിച്ചു.

Story Highlights : The protest against the union minister George Kurian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here