വൈക്കത്ത് 11 കാരന് മൊബൈൽ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം; ജനറേറ്റർ ബട്ടണിൽ ഉണ്ടായ തകരാറെന്ന് RMO റിപ്പോർട്ട്

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ തലയിലെ മുറിവിൽ സ്റ്റിച്ചിട്ട സംഭവത്തിൽ ആർഎംഒയുടെ റിപ്പോർട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോൾ ജനറേറ്ററുമായുള്ള സ്വിച്ച് ഓവർ ബട്ടൺ തകരാറിലായി എന്നാണ് വിശദീകരണം.ആർഎംഒയുടെ പ്രാഥമിക റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. ഡീസൽ ഇല്ലാ എന്ന് ജീവനക്കാരൻ പറഞ്ഞത് ഏത് സാഹചര്യത്തിൽ ആണെന്ന് വിശദമായി അന്വേഷിക്കും.ആശുപത്രിയിൽ മറ്റ് വൈദ്യുതി പ്രശ്നങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആശുപത്രിയിൽ വെളിച്ചം ഇല്ലാതിരുന്നതിനാൽ മുറിവ് ശരിയായ രീതിയിൽ വൃത്തിയാക്കാൻ പോലും സാധിച്ചില്ലെന്ന് 11 വയസുകാരൻ്റെ അമ്മ സുരഭി ആരോപിച്ചു. ഡ്രസിംഗ് റൂമിലടക്കം വൈദ്യുതി ഇല്ലായിരുന്നത് ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നും സുരഭി ട്വന്റി ഫോറിനോട് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം നടന്നത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. വീണതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്താണ് ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്. സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ ജനറേറ്ററ്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Story Highlights : Vaikom thaluk hospital issue RMO report is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here