ഇ കെ നായനാരുടെ വേഷം ചെയ്യാനായി കൊല്ലത്തെത്തി, സുഹൃത്തുക്കളെ ഞെട്ടിച്ച് ജീവിതം പാതിവഴിയില്‍ അഴിച്ച് മധുസൂദനന്‍ അരങ്ങൊഴിഞ്ഞു

നവോത്ഥാന കേരളം എന്ന പേരില്‍ സിനിമാ-നാടക സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കിയ മള്‍ട്ടിമീഡിയ മെഗാഷോയുടെ പ്രദര്‍ശനം ഇന്ന് കൊല്ലത്ത് നടക്കുമ്പോള്‍ ഇതില്‍ പ്രധാന വേഷം ചെയ്യേണ്ടിയിരുന്ന മധുസൂദനന്റെ ചേതനയറ്റ ശരീരം വഹിച്ചുള്ള ആംബുലന്‍സ് കണ്ണൂരിലേക്ക് പോയ്ക്കൊണ്ടിരിക്കയായിരുന്നു. നവോത്ഥാന കേരളം എന്ന മെഗാഷോയില്‍ അരങ്ങില്‍ ഇ കെ നായനാരുടെ വേഷത്തില്‍ എത്തേണ്ടിയിരുന്നത് കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി മധുസൂദനനായിരുന്നു.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മഹാന്മാര്‍ കഥാപാത്രങ്ങളായിവരുന്ന മെഗാഷോയില്‍ ഡോക്യുഫിക്ഷന്‍, ഒപ്പം തിയേറ്റര്‍, തുടങ്ങി വിവിധതരത്തിലുള്ള കലാവിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള ഒരു മള്‍ട്ടിമീഡിയാ മെഗാ ഷോ ആയിരുന്നു കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ അരങ്ങേറിയത്.
ഷോയില്‍ സ്റ്റേജ് വിഭാഗത്തിന്റെ റിഹേഴ്‌സലിനായി കഴിഞ്ഞ നാലാം തീയതിയാണ് മധുസൂദനന്‍ കണ്ണൂരില്‍ നിന്നും കൊല്ലത്തെത്തിയത്. ഇന്നലെ അവസാനവട്ട റിഹേഴ്സല്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ മധുസൂദനനെ ഫോണില്‍ ലഭിക്കാതെ വന്നതോടെ കോഡിനേറ്റര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മധുസൂദനന്‍ റിഹേഴ്സല്‍ സമയത്ത് സന്തോഷവാനായിരുന്നുവെന്നും ഇ കെ നായനാരെ വേദിയില്‍ അവതരിപ്പിക്കുന്നതിന്റെ ആകാംഷയിലായിരുന്നുവെന്നും മള്‍ട്ടിമീഡിയ ഷോയുടെ സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
Read Also: കണ്ണൂരിനെതിരെ പത്തനംതിട്ടയിൽ നിന്നുള്ള വിമർശനത്തിന് പിന്നിൽ
കുഞ്ഞിമംഗലം കൊവ്വപ്പുറം തെക്കുമ്പാട് സ്വദേശിയാണ് അധ്യാപകന്‍കൂടിയായ മധുസൂദനന്‍.
എം മധുസൂദനന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് നാടകപ്രേമികളും സുഹൃത്തുക്കളും. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന മള്‍ട്ടിമീഡിയ ഷോയില്‍ സഖാവ് ഇ കെ നായനാരെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മധു. പ്രതിഭാധനനായിരുന്ന നടകപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കൊല്ലത്ത് നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിവസമായിരുന്നു മള്‍ട്ടിമീഡിയ ഷോ അവതരിപ്പിക്കേണ്ടിയിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ മൂന്നാം ദിവസമായ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സമ്മേളന പ്രതിനിധികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ നായനാരായി വേഷമിടേണ്ടിയിരുന്ന മധുസൂദനന്റെ വിയോഗം പ്രതിനിധികളേയും ദുഃഖത്തിലാഴ്ത്തി.
സിനിമാ സംവിധായകനും മധുസൂദനന്റെ സുഹൃത്തുമായ ശിവകുമാര്‍ കാങ്കോല്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്.
”നീ ജീവിതനാടകം വെടിഞ്ഞ് കടന്നുപോയ കാര്യം ഇന്നുരാവിലെ വാര്‍ത്താമാധ്യമങ്ങളില്‍ കൂടിയാണ് ഞാന്‍ അറിയുന്നത്. വളരെ നാളുകള്‍ക്കു ശേഷം രണ്ടു മൂന്നു ദിവസം മുന്‍പ് നീയെന്നെ വിളിച്ചതും കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് സഖാവ് നായനാരുടെ വേഷം ചെയ്യാന്‍ പോകുന്ന വിവരം പറഞ്ഞതും സംഘാടകര്‍ ടിക്കറ്റെടുത്തയച്ചതടക്കം ആഹ്‌ളാദം പങ്കുവെച്ചതും, ഇങ്ങനെയൊരവസരത്തിന് ഞാന്‍ നിമിത്തമായതിന് എന്നോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞതും ഞാനിപ്പോള്‍ സങ്കടത്തോടെ ഓര്‍മിക്കുന്നു”.. എന്നു തുടങ്ങുന്ന കുറിപ്പില്‍ നാടകത്തിനായി മധു എന്ന കലാകാന്‍ എത്രത്തോളം ആത്മാര്‍ത്ഥമായാണ് നിലകൊണ്ടിരുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.
ഇന്ന് വേദിയില്‍ ചെയ്യേണ്ടിയിരുന്ന നായനാര്‍ വേഷം എന്ന ആ വലിയ ചുമതല മുന്‍പിലുണ്ടായിരിക്കേ നിന്നെ ഇത്രമേല്‍ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയ മരണ കാരണം എന്തായിരുന്നു എന്നറിയില്ല. അവതരണം കഴിഞ്ഞ് നിന്റെ നല്ല വാക്കുകള്‍ ഫോണില്‍ പ്രതീക്ഷിച്ചിരുന്ന എന്നെ ഇങ്ങനെയൊരു വാര്‍ത്തയാണ് തേടി വന്നത്. എന്തുപറയാനാണ്? എന്നു പറഞ്ഞാണ് ശിവകുമാര്‍ കുറിപ്പ് അവസാനിക്കുന്നത്.
നാടകത്തില്‍ ഇനിയും നിരവധി ദൂരം യാത്ര ചെയ്യാനുണ്ടായിരുന്ന മധു യാത്രയുടെ ഇടയിലാണ് വേഷം അഴിച്ചുവച്ചത്. മധുവിനെ അറിയാവുന്നവരെല്ലാം ഈ വേര്‍പാടിന്റെ വേദനയിലാണ്. അവ്യക്തതയാണിപ്പോഴും, വേഷം ചെയ്യാനായി ഏറെ മോഹിച്ച് എത്തിയ നടന്‍ എന്തിന് ജീവിതം അവസാനിപ്പിച്ചുവെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് എല്ലാവരുടെയും മുന്നില്‍.
ശിവകുമാറിന്റെ കുറിപ്പ്:
രണ്ട് വര്‍ഷം മുന്‍പ് നായനാര്‍ അക്കാദമിയുടേയോ, നായനാര്‍ മ്യൂസിയത്തിന്റെയോ ആവശ്യത്തിനായി പുതിയ സാങ്കേതികവിദ്യകളോടെ നിര്‍മ്മിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്റിലേക്കായി നായനാരുമായി രൂപസാദൃശ്യമുള്ള ഒരാളെ മുംബൈയിലെയോ മറ്റോ ഒരു പ്രൊഡക്ഷന്‍ കമ്പനി തേടുന്നതായി ക്യാമറമാന്‍ ജലീല്‍ ബാദുഷയാണ് എന്നോട് പറയുന്നത്. നിങ്ങളുടെ അറിവില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി നിര്‍ദ്ദേശിക്കണേ എന്നു ജലീല്‍ പറഞ്ഞപ്പോള്‍, കാണുമ്പോഴെല്ലാം നീ നമ്മളെയും സിനിമയില്‍ വിളിക്കെടാ എന്നു പകുതി തമാശയായും പകുതി കാര്യമായും പറയുന്ന മധുവിന്റെ മുഖമാണ് ഉടന്‍ ഓര്‍മയില്‍ വന്നത്. ഞാന്‍ തന്നെയാണ് ജലീല്‍ വഴി ആദ്യം അവര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തത്. അവര്‍ക്ക് ബോധ്യമായ ശേഷം ഞാന്‍ തന്നെയാണ് മധുവിന്റെ നമ്പര്‍ അവര്‍ക്ക് കൊടുത്തത്. പിന്നീടെല്ലാം അവര്‍ തമ്മില്‍ നേരിട്ടായി. എങ്കിലും എല്ലാ അപ്ഡേറ്റുകളും മധു ഞാനുമായി പങ്കുവെച്ചുകൊണ്ടിരുന്നു.
ബാംഗ്ലൂരില്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്, മുംബൈയില്‍ നിന്ന് മേക്കപ്പ് ടെസ്റ്റിന് ടീം ബാംഗ്ലൂരില്‍ വന്നത്, മുംബൈയില്‍ നിന്നുള്ള ക്യാമറാ സംഘം ട്രയല്‍ ഷൂട്ട് ചെയ്തത് എല്ലാം അവന് അത്യത്ഭുതം നിറഞ്ഞ വിശേഷങ്ങളായിരുന്നു.
പിന്നീട് ഫൈനല്‍ ഷൂട്ടിന് ബാംഗ്ലൂരില്‍ പോയത്, കമ്പനി ഫൈവ് സ്റ്റാര്‍ അക്കമഡേഷന്‍ കൊടുത്തത്, ഒരിക്കലും പ്രതീക്ഷിക്കാത്ത തുക പ്രതിഫലം കൊടുത്തത് എല്ലാമെല്ലാം എന്നെ അറിയിച്ചു കൊണ്ടിരുന്നു. പ്രതിഫല തുക കേട്ട് ഞാന്‍ തമാശയായി അവനോട് ഒരു കാര്യം പറഞ്ഞു. പത്തിരുപത്തിയഞ്ചു വര്‍ഷമായി ഇതിന്റെ പിന്നാലെ നടന്നിട്ട് ഇത്ര തുക ഇതുവരെ ഒരുമിച്ച് കിട്ടിയിട്ടില്ല. അവനത് അത്ഭുതമായിരുന്നു.
ശേഷം കഴിഞ്ഞ ദിവസമാണ് അതേ സന്തോഷത്തിന്റെ ബാക്കി പങ്കുവെക്കാനായി അവന്‍ വിളിച്ചത് ഞാന്‍ മറ്റൊരു വേവലാതിയിലായിരുന്നെങ്കിലും അതൊന്നുും അവനെയറിയിക്കാതെ അവന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. കൊല്ലത്ത് നാടകം കഴിഞ്ഞുവന്നിട്ട് ഒരുമിച്ച് കൂടാമെന്ന് അവന്‍ പറഞ്ഞു. ഞാന്‍ ചിരിച്ചു. അവന്റെ വാക്കൊക്കെ പാലിക്കാനുള്ളതുപോലെ ലംഘിക്കാനും ഉള്ളതാണെന്ന ബോധ്യത്തോടെ. ഇന്ന് ശരിക്കും അവനാവാക്ക് ലംഘിച്ചിരിക്കുന്നു.
വാര്‍ത്തയറിഞ്ഞ ഉടനെ ഞാന്‍ എന്റെയും അവന്റെയും പ്രിയപ്പെട്ട കവിയും ജ്യേഷ്ഠ സുഹൃത്തുമായ കവി കുരീപ്പുഴ ശ്രീകുമാറിനെ വിളിച്ചു. കുരീപ്പുഴയുടെ മനുഷ്യ പ്രദര്‍ശനം എന്ന കവിത രചിക്കപ്പെടാനുള്ള കാരണം പോലും മധുവുമായുള്ള ഒരു സംഭാഷണമാണെന്ന് അദ്ദേഹം അഭിമുഖങ്ങളിലും നേരിട്ടും പറഞ്ഞിട്ടുണ്ടായിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഞായറാഴ്ച കുഞ്ഞിമംഗലത്ത് നടക്കും.
Story Highlights : Actor Madhusoodhanan found dead in hotel room during CPIM state conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here