Advertisement

‘അന്‍വര്‍ കുറച്ച് വോട്ട് പിടിക്കും; ഞങ്ങളെ അത് ബാധിക്കില്ല’; രമേശ് ചെന്നിത്തല

June 16, 2025
Google News 2 minutes Read
anvar

യുഡിഎഫിന്റെ കുറച്ചു വോട്ട് പി വി അന്‍വറിന് പോയേക്കാമെന്ന് രമേശ് ചെന്നിത്തല ട്വന്റിഫോറിനോട്. ഒന്‍പത് വര്‍ഷം എംഎല്‍എ ആയതുകൊണ്ട് അന്‍വര്‍ കുറച്ചു വോട്ട് പിടിക്കും. അന്‍വര്‍ കൂടുതലും പിടിക്കുക എല്‍ഡിഎഫിന്റെ വോട്ട് ആയിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അന്‍വര്‍ അത്ര വലിയ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് വോട്ട് എന്തായാലും പിടിക്കും. ഒന്‍പത് വര്‍ഷം എംഎല്‍എ ആയിരുന്ന ആളല്ലേ. പക്ഷേ അത് ഞങ്ങളെ ബാധിക്കാന്‍ പോകുന്നില്ലെന്നതാണ് സത്യം. ഞങ്ങളുടെ എംഎല്‍എ അല്ലായിരുന്നല്ലോ അദ്ദേഹം. അദ്ദേഹത്തിന് പത്ത് വര്‍ഷക്കാലത്തെ ബന്ധം ഇടതുപക്ഷവുമായിട്ടാണ്. അവരുടെ വോട്ട് പോകാതെ നോക്കിയാല്‍ മതി. ഞങ്ങളുടെ വോട്ടൊന്നും പോകില്ല – അദ്ദേഹം വ്യക്തമാക്കി.

Read Also: അവിശ്വസനീയം ഈ രക്ഷപ്പെടല്‍: വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്ന് വന്ന് വിശ്വാസ് കുമാര്‍; പുതിയ ദൃശ്യങ്ങള്‍

യുഡിഎഫിന് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ കാണാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിനൊരു മേല്‍ക്കൈ ഉണ്ട് എന്നത് വളരെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ വരവോടെ പ്രവര്‍ത്തകരിലും ജനങ്ങളിലും ഒരു വല്ലാത്ത ആവേശം ഉണ്ടായിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് വോട്ടായി മാറും. ഗവണ്‍മെന്റിനെതിരായ വികാരം വളരെ ശക്തമാണ്. സിപിഐഎം പ്രവര്‍ത്തകര്‍ പോലും നിരാശരാണ്. സര്‍ക്കാരിനോട് എതിര്‍പ്പുള്ള ഒരു വലിയ വിഭാഗം ജനങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി മാറും. ബേസിക്കായി കോണ്‍ഗ്രസിനും ലീഗിനുമുള്ള വോട്ട് കൂടിയുണ്ട്. അതുകൂടിവരുമ്പോള്‍ നല്ല കംഫര്‍ട്ടബിള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് വിശ്വാസം – അദ്ദേഹം പറഞ്ഞു.

യുഡിഎഫ് 25000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കത്തക്ക വിധമുള്ള രാഷ്ട്രീയ അന്തരീക്ഷം നിലമ്പൂരില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരും മറ്റുള്ളവരും വോട്ടുപിടിച്ച് അതാക്കിയെടുക്കണം. അതിനുള്ള ശ്രമത്തിലാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയും സിപിഐഎമ്മുമായി അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ആദ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞു. പിന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തി. അത് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകും – അദ്ദേഹം വ്യക്തമാക്കി.

Story Highlights : Ramesh Chennithala about P V Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here