‘സയണിസ്റ്റ് ഭീകരതയോട് ദയയില്ല, യുദ്ധം ആരംഭിക്കും’; ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി

ക്ഷമ നശിച്ചെന്നും ഇറാന്‍ എത്രയും വേഗം കീഴടങ്ങണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്നും തക്ക മറുപടി നല്‍കുമെന്നുമാണ് അലി ഖമനേയിയുടെ താക്കീത്. സയണിസ്റ്റുകളോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും യുദ്ധം ആരംഭിക്കുമെന്നും ഖമനേയി പറഞ്ഞു. അലി ഖമനയിയുടെ ഒളിയിടം അറിയാമെന്നും നിരുപാധികം കീഴടങ്ങണമെന്നും ഇന്നലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കീഴടങ്ങില്ലെന്ന് ഖമനേയി വ്യക്തമാക്കിയിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Iran Supreme Leader Ayatollah Ali Khamenei replay to trump)
സയണിസ്റ്റ് ഭീകരവാദികളുടെ തേര്‍വാഴ്ചയ്ക്ക് തങ്ങള്‍ ശക്തമായ മറുപടി നല്‍കിയിരിക്കുമെന്നാണ് ഖമനേയി വ്യക്തമാക്കിയിരിക്കുന്നത്. സയണിസ്റ്റുകളോട് തങ്ങള്‍ ദയ കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും ഖമനേയി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
പശ്ചിമേഷ്യയിലേക്ക് ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനെ പിന്തുണയ്ക്കുമെന്ന് ഹൂതികള്‍ അറിയിച്ചു. ടെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
Story Highlights : Iran Supreme Leader Ayatollah Ali Khamenei replay to trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here