പിറന്നാള്‍ കുപ്പായത്തിന്റെ സ്വപ്നത്തില്‍ നിന്ന് മാത്യു വീണു, പക്ഷേ മരണത്തിന് വിട്ടുകൊടുക്കാതെ കുറേ ‘ അന്‍പാര്‍ന്ന മനിതര്‍’

പിറന്നാളിന് കുപ്പായം വാങ്ങാന്‍ അച്ഛനൊപ്പം പോകാനൊരുങ്ങി നില്‍ക്കുന്നതിനിടെ നാലുവയസുകാരന്‍ മാത്യുവിന്റെ കാലൊന്ന് വഴുതി. ഒന്നാംനിലയില്‍ നിന്ന് അവന്‍ താഴേക്ക് വീണു. പിന്നെ കണ്ണുതുറന്നില്ല. പക്ഷേ, കഴിഞ്ഞദിവസം ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം മാത്യു ജന്മദിന മധുരം നുണഞ്ഞു.
പിറന്നാള്‍ കുപ്പായം സ്വപ്നം കണ്ടുനില്‍ക്കെ, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരിയോട് യാത്ര പറയുന്നതിനിടെ കാല്‍ വഴുതി മാത്യു അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ആദ്യം സണ്‍ഷേഡിലും, തുടര്‍ന്ന് മുറ്റത്തേക്കും തെറിച്ച് വീണു. നിലവിളി കേട്ട് തമിഴ്‌നാട് സ്വദേശി അന്‍പുരാജും, ഭാര്യയും ഓടി ചെല്ലുമ്പോള്‍ മകന് ബോധമില്ലായിരുന്നു.
കുഞ്ഞിന്റെ ജീവനായി അവിടെ ഒരു പറ്റം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൈകോര്‍ത്തു. ആദ്യം തൃപ്പുണിത്തുറയിലും തുടര്‍ന്ന് കളമശ്ശേരി, രാജഗിരി ആശുപത്രികളിലേക്കും കുഞ്ഞുമായി അവര്‍ പാഞ്ഞു. തൃപ്പുണിത്തുറയിലെ ആശുപത്രിയിലെത്തിച്ചാണ് പ്രാഥമിക ചികിത്സ നല്‍കിയത്. തുടര്‍ന്ന് കളമശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കളമശ്ശേരിയിലേക്കുളള യാത്രക്കിടയില്‍ വീണ്ടും കുഞ്ഞിന് അനക്കം നഷ്ടമായി. മാതാപിതാക്കളുടെ നിലവിളികള്‍ക്കിടയില്‍ കുഞ്ഞിന് സമയോചിതമായി സിപിആര്‍ നല്‍കിയത് അംബുലന്‍സിന്റെ സഹ ഡ്രൈവര്‍ ജോമോനായിരുന്നു. ജോമോന്റെ പരിശ്രമം ഒടുവില്‍ വിജയം കണ്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും, ഛര്‍ദ്ദിക്കുകയും ചെയ്തു.
Read Also: ‘മതവൈരം ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പക്കരുത്’; വെള്ളാപ്പള്ളിയെ തള്ളി സിപിഐഎം
കളമശ്ശേരിയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവില്‍ കുഞ്ഞിന് വെന്റിലേറ്റര്‍ പിന്തുണ ഏര്‍പ്പെടുത്തി. തുടര്‍ന്നാണ് വിദ്ഗധ പരിശോധനയ്ക്കായി ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്. കളമശ്ശേരിയില്‍ നിന്നുളള യാത്രയില്‍ കുഞ്ഞിന് അകമ്പടിയായി മൂന്ന് മിനി ആംബുലന്‍സുകളും, വഴിയൊരുക്കാനായി ജംഗ്ഷനുകളില്‍ ഓട്ടോ ഡ്രൈവര്‍മാരും നിരത്തിലിറങ്ങി.
രാജഗിരി ആശുപത്രിയില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ മാത്യുവിനെ അഡ്മിറ്റ് ചെയ്തു. പീഡിയാട്രിക് ഐസിയു, ന്യൂറോസര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പങ്കാളികളായി. സാവധാനത്തില്‍ വെന്റിലേറ്റര്‍ പിന്തുണ നീക്കിയതോടെ മാത്യുവിനെ കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയും, വേഗത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായകരമായെന്ന് ഡോ.സൗമ്യ മേരി തോമസ് പറഞ്ഞു.
തൃപ്പുണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് അന്‍പുരാജും കുടുംബവും. ഇവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി ചികിത്സാച്ചെലവ് ഏറ്റെടുത്ത് ആശുപത്രി മാനേജ്‌മെന്റും, വണ്ടി വാടക ഒഴിവാക്കി ആംബുലന്‍സ് ഡ്രൈവര്‍മാരും കൂടെ നിന്നു. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ മാത്യുവിനോടൊപ്പം കുടുംബം വീട്ടിലേക്ക് മടങ്ങി. മാത്യുവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് രാജഗിരിആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ അന്‍പുരാജ് പറഞ്ഞു: ‘നീങ്കെ അന്‍പാര്‍ന്ന മനിതര്‍..’
Story Highlights : Mathew returned to life with the help of some kind mind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here