ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. സിപിഐഎം സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.
പി.കെ ബുജൈറിന് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പടനിലത്തിന് സമീപം ചൂലാവയലില്‍ വച്ചായിരുന്നു സംഭവം. ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതേസമയം സഹോദരന് ഏതെങ്കിലും തരത്തില്‍ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ലഹരിക്കേസുമായി ബന്ധമുണ്ടെങ്കില്‍ അതില്‍ ഒരിക്കലും താനോ മാതാപിതാക്കളോ ഇടപെടില്ലെന്ന് പി.കെ. ഫിറോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഹോദരന്‍ കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ. അതിനകത്ത് ഒരു ഇടപെടലും നടത്താന്‍ താനോ കുടുംബമോ ആഗ്രഹിക്കുന്നില്ലെന്ന് പികെ ഫിറോസ് പറഞ്ഞു.
സിപിഐഎമ്മുകാരനായ റിയാസ് തൊടുകയില്‍ എന്നയാളുമായി വാട്‌സ്ആപ്പ് ചാറ്റ് നടത്തിയെന്നാണ് പൊലീസ് പറയുന്ന ഒരു കുറ്റം. റിയാസിനെ ഇറക്കിക്കൊണ്ടു പോകാന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരാണ് വന്നത്. എന്നാല്‍ തന്റെ സഹോദരനെ ഇറക്കാന്‍ ഒരു യൂത്ത് ലീഗ് നേതാവ് പോലും പോയിട്ടില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു.
Story Highlights : pk firos brother assaulting police drug case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here