‘സെബാസ്റ്റ്യനില്‍ നിന്ന് പണം വാങ്ങി, ബിന്ദു തിരോധാനക്കേസ് അട്ടിമറിച്ചത് പൊലീസിലെ ഉന്നതര്‍’; പരാതി നല്‍കി ബിന്ദു പത്മനാഭന്‍ ആക്ഷന്‍ കൗണ്‍സില്‍

ആലപ്പുഴയിലെ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് പൊലീസിലെ ഉന്നതര്‍ എന്ന് പരാതി. ബിന്ദു പത്മനാഭന്‍ ആക്ഷന്‍ കൗണ്‍സില്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കി. സെബാസ്റ്റ്യന്റെ കൈയില്‍ നിന്ന് അന്വേഷണസംഘം പണം വാങ്ങിയെന്നും ആരോപണം.
ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പറയുന്ന കാര്യമായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ നേരിട്ട് ഇടപെട്ടു എന്നത്. സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട് അവര്‍ വലിയ ഇടപാട് നടത്തിയിട്ടുണ്ട്. കേസില്‍ തെളിവ് നശിപ്പിക്കലടക്കം നടത്തിയിട്ടുണ്ട്. ഭാവിയില്‍ കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ ചോദ്യം ചെയ്താല്‍ എങ്ങനെ പ്രതികരിക്കണമെന്നതിലടക്കം സെബാസ്റ്റ്യന് ട്രെയിനിങ് കൊടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത് – ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
2017ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി സഹോദരന്‍ പ്രവീണ്‍ പൊലീസിന് നല്‍കുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുകയും ചെയ്തു. ബിന്ദു കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ജില്ലാ പൊലീസ് മേധാവിയും ചേര്‍ത്തല ഡി.വൈ.എസ്.പിയും അടക്കമുള്ള ആളുകള്‍ സെബാസ്റ്റ്യനില്‍നിന്നും പണം കൈപറ്റി കേസ് അന്വേഷണം അട്ടിമറിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കേട്ടിട്ടുള്ള എസ്.സുരേന്ദ്രന്‍ ഐപിഎസ്, DYSP എ.ജി.ലാല്‍, ബിന്ദു കേസില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചയാളുടെ ബന്ധു ACP സലിം എന്നിവര്‍ നേരിട്ട് ഈ കേസില്‍ ഇടപെട്ടുവെന്നാണ് പരാതിയിലെ പരാമര്‍ശം.
കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കേണ്ട ആളുകള്‍ തന്നെ അന്വേഷണം അട്ടിമറിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിയെ സഹായിച്ചു. ഭാവിയില്‍ അന്വേഷണവുമായി ഏത് ഏജന്‍സികള്‍ സമീപിച്ചാലും പ്രതികരിക്കേണ്ട രീതിയെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥര്‍തന്നെ പരിശീലനം കൊടുത്തു – എന്നിങ്ങനെയെല്ലാമാണ് ആരോപണം. ഇവരില്‍നിന്നും തെളിവുകള്‍ ശേഖരിക്കണമെന്നും ഇവരെ നുണപരിശോധനക്ക് വിധേയമാക്കണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : Complaint alleges that senior police officials sabotaged the Bindu missing case in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here