‘ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടിരിക്കും, ഗസ്സയെ മറക്കരുതേ…’;മരിക്കുന്നതിന് തൊട്ടുമുമ്പ് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ അനസ് അല്‍ ഷരീഫ് പങ്കുവച്ച വിഡിയോ ചര്‍ച്ചയാകുന്നു. ഇത് തന്റെ അവസാന സന്ദേശമെന്ന് പറഞ്ഞ് അനസ് പോസ്റ്റുചെയ്ത വൈകാരിക സന്ദശമാണ് ചര്‍ച്ചയാകുന്നത്. ദൈവവിധി അംഗീകരിക്കുകയാണെന്നും ചങ്ങലകള്‍ നിങ്ങളെ നിശബ്ദരാക്കാന്‍ പലസ്തീനികള്‍ അനുവദിക്കരുതെന്നും സന്ദേശത്തിലുണ്ട്. (Haunting last words of Al Jazeera journalist killed in Gaza)
ഇതെന്റെ അവസാന സന്ദേശമാണെന്നും ഇത് നിങ്ങളിലെത്തുമ്പോഴേക്കും താന്‍ കൊല്ലപ്പെട്ടിരിക്കും എന്നും പറഞ്ഞുകൊണ്ടാണ് അനസിന്റെ എക്‌സ് സന്ദേശം ആരംഭിക്കുന്നത്. ഗസ്സയിലെ ഇടവഴികളിലേയും തെരുവുകളിലേയും ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറന്നത് മുതല്‍ ഇവിടുത്തെ ജനതയുടെ ശബ്ദമാകാന്‍ തനിക്ക് കഴിഞ്ഞതായി അനസ് പറയുന്നു. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങാനും സ്വന്തം കുടുംബത്തിലെത്താനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദൈവവിധി മറ്റൊന്നായിരുന്നു. സത്യം വളച്ചൊടിക്കാതെ വിളിച്ചുപറയാനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. വേദനകളുടെ നടുവിലാണ് ഇവിടെ ജീവിച്ചത്. അനീതിക്കെതിരെ നിശബ്ദത പാലിച്ചവര്‍ക്കെതിരെ ഇവിടുത്തെ ശ്വാസം കവര്‍ന്നവര്‍ക്കെതിരെ കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍ കണ്ടിട്ടും ചങ്ക് കലങ്ങാത്തവര്‍ക്കെതിരെ കൂട്ടക്കൊല തടയാന്‍ യാതൊന്നു ചെയ്യാത്തവര്‍ക്കെതിരെ ദൈവം പ്രവര്‍ത്തിക്കട്ടേയെന്നും അദ്ദേഹം എഴുതി. തന്റെ മകനൊപ്പം ഒരുപാടുകാലം ജീവിക്കാന്‍ അവന്‍ കരുത്തനായി വളരുന്നതുകാണാന്‍ ആഗ്രഹിച്ചെന്നും അത് സഫലമാകാതെ പോയെന്നും വൈകാരിക സന്ദശത്തിലുണ്ട്.
അനസ് ഉള്‍പ്പെടെ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അനസ് അല്‍-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് മരിച്ചത്. ഗസ്സയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തായി മാധ്യമപ്രവര്‍ത്തകര്‍ കെട്ടിയ താത്ക്കാലിക ടെന്റില്‍ ആക്രമണമുണ്ടാകുകയും അഞ്ചുപേരും തത്ക്ഷണം കൊല്ലപ്പെടുകയുമായിരുന്നു. അനസിനെ മാധ്യമപ്രവര്‍ത്തകന്‍ എന്ന് പറയാതെ ഹമാസിന്റെ ടെററിസ്റ്റ് സെല്ലിന്റെ തലവനെന്നാണ് ഇസ്രയേല്‍ ആര്‍മി പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്.
Story Highlights : Haunting last words of Al Jazeera journalist killed in Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here