Advertisement

തിരുമല അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേട്; സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍

September 23, 2025
Google News 2 minutes Read
anil (1)

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തല്‍. രണ്ടു മാസങ്ങള്‍ക്കു മുമ്പ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ബാങ്കിന് നഷ്ടമായ തുക സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പലിശ സഹിതം തിരിച്ചു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.

അനില്‍കുമാര്‍ പ്രസിഡന്റായ ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടെന്നാണ് സഹകരണ വകുപ്പ് രണ്ടാഴ്ച മുന്നേ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അനാവശ്യ ഇടപെടലിലൂടെ സംഘത്തിന് കോടികളുടെ നഷ്ടം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ വകുപ്പിന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംഘം പ്രവര്‍ത്തിച്ചു. ഇതിലൂടെ 14 ലക്ഷം രൂപ സംഘത്തിന് നഷ്ടം. അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്പ നല്‍കിയതില്‍ രണ്ടരക്കോടി രൂപ കുടിശികയായി. ബാങ്കില്‍ ഏജന്റുകളെ നിയമിച്ചതിലും കമ്മീഷന്‍ നല്‍കിയതിലും താല്‍ക്കാലിക നിയമനം നടത്തിയതിലും ഒരു കോടി 18 ലക്ഷം രൂപ നഷ്ടപ്പെട്ടു.

അനുമതി ഇല്ലാതെ പൊതുഫണ്ട് നഷ്ടപ്പെടുത്തിയത് വഴി 12 ലക്ഷത്തിന്റെ ക്രമക്കേട് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടമായ തുക സംഘം സെക്രട്ടറിയില്‍ നിന്നും ഭരണസമിതി അംഗങ്ങളില്‍ നിന്നും പലിശ സഹിതം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.അന്വേഷണത്തില്‍ ക്രമക്കേട് പുറത്തായതോടെ പ്രസിഡന്റ് അനില്‍കുമാറിന് സമ്മര്‍ദം കൂടി. വായ്പ നല്‍കിയവരോട് പണം തിരികെ ചോദിച്ചു. ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം, അനില്‍കുമാറിന്റെ ആത്മഹത്യയില്‍ ബിജെപിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ബിജെപി വലിയവിള കൗണ്‍സിലറുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ഭൗതിക ശരീരത്തിന് മുന്നില്‍ നിന്ന് കരയാന്‍ ഉളുപ്പില്ലാത്തവരുമുണ്ടെന്നാണ് പോസ്റ്റ്. കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ തിരിച്ചറിയണമെന്നും പോസ്റ്റിലുണ്ട്.

Story Highlights : Irregularities in the cooperative society of which Thirumala Anil is the president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here