‘യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ വി.ഡി സതീശന് എന്താണ് പ്രശ്നം?’; മന്ത്രി സജി ചെറിയാൻ
ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്താണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് അയച്ചു. മറുപടി ലഭിച്ചത് വായിച്ചു. യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാൽ മതന്യൂനപക്ഷങ്ങൾ പിന്തുണയ്ക്കുമെന്ന് വി ഡി സതീശൻ തെറ്റിദ്ധരിക്കുന്നെന്നും സജി ചെറിയാൻ പറഞ്ഞു.
കോൺഗ്രസ് എത്ര രൂപ ചെലവാക്കിയെന്നും ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും സജി ചെറിയാൻ ചോദിച്ചു. ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ?, ഒരു റോഡ് തന്നിട്ടുണ്ടോ?, ഒരു ശൗചാലയം തന്നോ?, ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപിയും കോൺഗ്രസ് എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകൾ നേർന്നിരുന്നു. മന്ത്രി വിഎൻ വാസവന് അയച്ച കത്തിലാണ് യോഗി ആശംസകൾ നേർന്നത്. ധർമത്തിന്റെ സംരക്ഷകനാണ് ഭഗവാൻ അയ്യപ്പനെന്ന് യോഗി പറഞ്ഞു. അയ്യപ്പനെ ആരാധിക്കുന്നത് സന്മാർഗ ജീവിതത്തിന്റെ പാതയ്‌ക്ക് വെളിച്ചം വീശുകയും ഭക്തർക്ക് മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്നു. സമൂഹത്തിൽ സൗഹാർദം, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഭാരതീയ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഗമം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൂർണമായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തിൽ കുറിച്ചിരുന്നു.
Story Highlights : Saji Cherian questions VD Satheesh over issue with Yogi’s greetings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




