സൂപ്പർ കപ്പ് 2025-26: കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയിൽ
കൊച്ചി, 25 സെപ്റ്റംബർ 2025: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയിൽ നടക്കുന്ന ടൂർണമെൻ്റിൽ ഇന്ന് നടന്ന നറുക്കെടുപ്പിൽ ബ്ലാസ്റ്റേഴ്‌സിന് ശക്തമായ ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ ഐ.എസ്.എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവർക്കൊപ്പം ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനം.
ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഒക്ടോബർ 30-ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബർ 3-ന് ഹൈദരാബാദ് എഫ്‌സിയുമായി നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങൾക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ, നവംബർ 6-ന് ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ച് മുംബൈ സിറ്റി എഫ്‌സിയെയും മഞ്ഞപ്പട നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ ഈ മത്സരം നിർണായകമായേക്കാം.
ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴിൽ പൂർണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനെ സമീപിക്കുക .
Story Highlights :Super Cup 2025-26: Kerala Blasters in Group D
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




