Advertisement

‘കേരളത്തിൽ വിമാന സര്‍വീസുകള്‍ കുറയ്ക്കാനുള്ള എയര്‍ ഇന്ത്യാ നീക്കം ഉപേക്ഷിക്കണം, മറ്റു വിമാനകമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്യും’: കെസി വേണുഗോപാല്‍ എംപി

October 2, 2025
Google News 1 minute Read

കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ നിന്നുള്ള വിദേശ,ആഭ്യന്തര സര്‍വീസുകള്‍ കൂട്ടത്തോടെ ഒഴിവാക്കാനുള്ള എയര്‍ ഇന്ത്യയുടെ നടപടി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി വ്യോമയാന മന്ത്രിക്ക് കത്തുനല്‍കി. കേരളത്തില്‍ നിന്നുളള സര്‍വീസ് ഗണ്യമായി എയര്‍ ഇന്ത്യ കുറവുവരുത്തിയാല്‍ ഗള്‍ഫില്‍ നിന്ന് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതാക്കുന്നത്.

എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ പിന്‍മാറ്റത്തോടെ മറ്റു വിമാനകമ്പനികള്‍ നിരക്ക് ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉത്സവകാലങ്ങളിലും പ്രധാന അവധി ദിനങ്ങളിലും നിലവില്‍ ഉയര്‍ന്ന നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ നടപടി കൂടി പ്രാബല്യത്തില്‍ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.

ഈ മാസം 26 മുതല്‍ ബഹ്‌റൈന്‍, അബുദാബി ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ലക്ഷക്കണക്കിന് മലയാളികളായ പ്രവാസികള്‍ ജോലിക്കും പഠനത്തിനും മറ്റുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ തുച്ഛവരുമാനത്തില്‍ ജോലി ചെയ്യുന്നുവരാണ് പ്രവാസികളിലേറെയും. അവര്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഒഴിവാക്കുന്നവയില്‍ ഏറെയും.

ഇത് കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. പ്രവാസികളുടെ യാത്രാ ദുരിതവും വിമാനകമ്പനികളുടെ അമിത ടിക്കറ്റ് നിരക്കും സംബന്ധിച്ച് നിരവധി തവണ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തത് നിരാശാജനകമാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഗള്‍ഫ് റൂട്ടുകളില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും അനാവശ്യ നിരക്ക് വര്‍ധനവ് തടയാനും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Story Highlights : kc venugopal against air india kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here