ഭോപ്പാൽ എയിംസിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തവും പ്ലാസ്മയും മോഷണം പോയി; ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ്
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. എയിംസ് രക്തബാങ്ക് ഇൻ-ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് ബ്ലഡ് ബാങ്കിൽ നിന്ന് വളരെക്കാലമായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാകുന്നുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ ബ്ലഡ് ബാങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ സിസിടിവി ദൃശ്യങ്ങളിൽ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായ ഒരാൾ രക്തം പ്ലാസ്മ യൂണിറ്റുകൾ മോഷ്ടിച്ച് ഒരു അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എയിംസ് അധികൃതർ ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പരാതിയെത്തുടർന്ന് ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഇത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ബ്ലഡ് ബാങ്കിൽ നിന്ന് മോഷണം പോയ രക്ത, പ്ലാസ്മ യൂണിറ്റുകൾ എവിടേക്കാണ് എത്തിച്ചതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights : Blood and plasma stolen from Bhopal AIIMS blood bank; case registered against outsourced employee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

