9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി, പാലക്കാട് ജില്ലാ ആശുപത്രിൽ ചികിത്സാപിഴവെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ 9 വയസുകാരിക്ക് നല്‍കിയ ചികിത്സയില്‍ പിഴവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിടെ വീണു പരിക്കേറ്റ പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ പറയുന്നു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സാധാരണ പോലെ തന്നെ എല്ലാ ചികിത്സകളും നൽകിയിരുന്നുവെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ വ്യക്തമാക്കി. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്നും, കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ രക്ഷിതാക്കൾ വൈകിയത് കാരണമാണ് ഈ സ്ഥിതിയുണ്ടായതെന്നും സൂപ്രണ്ട് ആരോപിച്ചു. സംഭവത്തിൽ പൂർണമായും കുട്ടിയുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെൺകുട്ടിക്ക് വീണു പരിക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. അഞ്ചു ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് നിർദേശം നൽകി മടക്കി അയച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാൻ ആവശ്യപ്പെട്ടന്നും കുട്ടിയുടെ മാതാവ് പ്രസീത 24 നോട് പറഞ്ഞു.
സെപ്റ്റംബർ 25-ന് കുട്ടിയുടെ കൈക്ക് വീണ്ടും വേദന അനുഭവപ്പെടുകയും കൈയിലെ നിറം മങ്ങാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആശുപത്രി അധികൃതർ തിരിച്ചയച്ചതായും കുടുംബം പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നടത്തിയ പരിശോധനയിൽ കൈ അഴുകിയ നിലയിലായിരുന്നു. ഇതോടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ മുറിച്ചുമാറ്റാൻ കാരണമെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ.
Story Highlights : veena george complaint filed against palakkad district hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




